ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇതുവരെ കേരളത്തിൽ അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും ഓരോതവണയും ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് കുറവില്ലെന്നും അവർ പരിഹസിച്ചു.
കഴിഞ്ഞ തവണ തമിഴ്നാട്ടിലെ 38 സീറ്റുകളില്‍ മത്സരിച്ചിട്ടും ബിജെപിക്ക് നിലം തൊടാനായില്ല. 38ല്‍ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1എന്നിങ്ങനെ ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോള്‍ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലാണ് വിജയിച്ചത്.ഇത്തവണയും ഡിഎംകെ സഖ്യം തമിഴ്നാട് തൂത്തുവാരുമെന്നാണ് സർവ്വേ ഫലങ്ങൾ.
കർണാടകയിലെയും തെലങ്കാനയിലെയും സ്ഥിതി വിത്യസ്തമല്ല. കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ കർണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കി വൻ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയത്. അന്ന് കോണ്‍ഗ്രസിൻ്റെ സഖ്യകക്ഷിയായ ജെഡിഎസ് ഒരു സീറ്റും നേടി. ഇക്കുറി അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തി നിലമെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റ് കോണ്‍ഗ്രസ് മുന്നിടത്താണ് വിജയിച്ചത്. അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന ബിആർസ് 9 സീറ്റുകള്‍ നേടിയപ്പോള്‍ കേന്ദ്ര ഭരണം കയ്യാളിയ ബിജെപിക്ക് നേടാനായത് ഒരു സീറ്റാണ്.ഇക്കുറി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് അവർ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നതിനും യാതൊരു സംശയവുമില്ല.
കർണാടക ഒഴികെയുള്ള ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്നുതന്നെയാണ് റിപ്പോർട്ട്.ഒപ്പം കർണാടക കൂടി ചേരുമ്പോൾ ബിജെപിക്ക് ഭയക്കുകതന്നെ വേണം.
പ്രതിപക്ഷ പാർട്ടികള്‍ ദക്ഷിണേന്ത്യയില്‍ നിന്നും നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തലുകള്‍.തെക്കേ ഇന്ത്യയില്‍ ആകെ 130 മണ്ഡലങ്ങളാണുള്ളത് (കേരളം – 20, കർണാടക- 28, ആന്ധ്രാപ്രദേശ്-25, തെലങ്കാന-17, തമിഴ്നാട് -39, പുതുച്ചേരി-1).
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതായത് 2019 ല്‍ ഇതില്‍ 29 സീറ്റാണ് ബി ജെ പി നേടിയത്. ഇതില്‍ ഭൂരിഭാഗവും കർണാടകയിലായിരുന്നു, 25 എണ്ണം. നാല് സീറ്റ് തെലങ്കാനയില്‍. കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റ സീറ്റ് പോലും ലഭിച്ചില്ല.അതുമാത്രമല്ല,വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തില്‍ പഴയതുപോലെ ബിജെപിക്ക് അനുകൂലമാകുമോ എന്നതും സംശയമാണ്.ദക്ഷിണേന്ത്യയെപ്പോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടാല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നിലനിർത്തുക എന്നത് ബിജെപിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും.
ഹിന്ദി ഹൃദയഭൂമിയില്‍ ഏറ്റവുമൊടുവില്‍ നടന്ന മൂന്നു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുഖ്യധാരയിലില്ലാത്ത പല കണക്കുകളും ഇപ്പോഴും അവർക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേരിയ വ്യത്യാസത്തിനാണ് രണ്ടാം സ്ഥാനത്തേക്ക് പോയത്. ഇവിടെയൊന്നും മറ്റു കക്ഷികളുമായി കോണ്‍ഗ്രസിന് സഖ്യമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും ധാരണയിലെത്തിയതും ഇന്ത്യ സഖ്യത്തിന് നേട്ടമാകും, ഹരിയാനായാണ് മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനം. 2019 ന് ശേഷം രണ്ട് കർഷക സമരമാണ് രാജ്യം നേരിട്ടത്. അതിന്റെ ചലനങ്ങള്‍ ഹരിയാനയിലാണ് ഏറ്റവുമധികം ഉണ്ടാകുക. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ലഭിച്ചതുപോലെ ഹരിയാനയിലെ പത്തില്‍ പത്ത് സീറ്റുകളും ബിജെപിക്കു ലഭിച്ചേക്കില്ല.
മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനം പഞ്ചാബാണ്. കോണ്‍ഗ്രസും ആം ആദ്മിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കിലും കർഷക സമരമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഞ്ചാബില്‍ ചർച്ചയാകും. ഇന്ത്യ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടാൻ തന്നെയാണ് പഞ്ചാബിലും സാധ്യത.
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങള്‍ പൂർണ്ണമായും ബിജെപിക്കൊപ്പം തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപില്‍ നിന്നത്. എന്നാല്‍ 2019ല്‍ എൻഡിഎയ്ക്കൊപ്പം നിന്ന ശിവസേന, പിളർന്നതുകൊണ്ടു തന്നെ മഹാരാഷ്ട്രയില്‍ എന്താകും ഇത്തവണത്തെ ജനവിധി എന്ന് പ്രവചിക്കാൻ സാധിക്കില്ല. ഈ സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന ഓരോ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ബോണസാണ്.
ആകെയുള്ള 543 ലോക്സഭാ സീറ്റുകളില്‍ 100 ഇടത്ത് ബിജെപി ചിത്രത്തില്‍ പോലുമില്ല എന്നകാര്യം നമ്മള്‍ കാണണം. അതില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലാണ്. ബാക്കിയുള്ള സീറ്റുകളില്‍ ഏകദേശം 240 സീറ്റുകളില്‍ ബിജെപിയും പ്രാദേശിക കക്ഷികളുമാണ് മത്സരരംഗത്തുള്ളത്. ഈ 340 സീറ്റുകളാണ് ജനവിധിയെ നിർണയിക്കുന്നത്. ബാക്കി വരുന്ന 200 ഓളം സീറ്റുകളിലാണ് കോണ്‍ഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്നത്. അതില്‍ 170 സീറ്റുകളും കഴിഞ്ഞ തവണ ജയിച്ചത് ബിജെപിയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ 340 മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ എന്താകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് ലഭിച്ച വോട്ട് വിഹിതം 45 ശതമാനമാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നില്‍ക്കുന്ന കക്ഷികള്‍ക്ക് ലഭിച്ച വോട്ട് വിഹിതം അത്ര കുറവല്ല, കേവലം 7 ശതമാനത്തിന്റെ കുറവുമാത്രമാണ് ഇന്ത്യ സഖ്യത്തിനുള്ളത്.
ബിഹാറാണ് മറ്റൊരു വലിയ സംസ്ഥാനം. 40 ലോക്സഭാ സീറ്റുകളുണ്ട് ബിഹാറില്‍. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് എതിരാണ് ബിഹാറിലെ ജനവിധി. 2015ലും 2020ലും ബിജെപി വിരുദ്ധ ചേരിക്കാണ് ജനപിന്തുണ. എന്നാല്‍ നിരന്തരമായി മറുകണ്ടം ചാടിക്കൊണ്ടിരിക്കുന്ന നിതീഷ്കുമാറിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് കണ്ടറിയേണ്ടത്.
മറ്റൊരു പ്രധാന സംസ്ഥാനം പശ്ചിമ ബംഗാളാണ്. 42 സീറ്റുകളുള്ള ബംഗാളില്‍ കഴിഞ്ഞതവണ 22 സീറ്റും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസാണ്. 18 സീറ്റ് ബിജെപിയും നേടി. ബംഗാളില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ഉദ്ദേശത്തോടെ ബിജെപി പൗരത്വഭേദഗതി നിയമം അവതരിപ്പിച്ചുകഴിഞ്ഞു.എന്നാൽ ഇവർക്കു തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് കാണുന്നത്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ നിലനിർത്താൻ ഇന്ത്യ സഖ്യത്തിന് സാധിക്കുകയും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് സീറ്റുകള്‍ ചിലതെങ്കിലും പിടിച്ചെടുക്കാൻസാധിക്കുകയും ചെയ്താല്‍ ഇന്ത്യ സഖ്യത്തിന് മുന്നിൽ ബിജെപി വിയർക്കുക തന്നെ ചെയ്യും.