KeralaNEWS

കോളജില്‍ പാടുന്നതിനിടെ മൈക്ക് വാങ്ങി പ്രിന്‍സിപ്പല്‍, പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് 

കോലഞ്ചേരി: കോളജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ മൈക്ക് വാങ്ങിയതില്‍ പ്രതിഷേധിച്ച്, ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.
 കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഭവം. ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ വേദിയിലേക്ക് കയറി മൈക്ക് വാങ്ങി പരിപാടി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിക്കുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്നു പറഞ്ഞിരുന്നതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഇതു കുട്ടികള്‍ ലംഘിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇതോടെ ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.  പാട്ടുകാരനൊപ്പം കോറസ് പാടാന്‍ ആളുകളെത്തുന്നത് സാധാരണമാണെന്നും ഇതൊന്നും നോക്കാതെ പ്രിന്‍സിപ്പല്‍ തന്റെ കയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നുവെന്നും ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
അതേസമയം, തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പുറത്തു നിന്നുള്ള ആളുകളുടെ സംഗീത പരിപാടി കോളജിൽ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തത്. ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Back to top button
error: