IndiaNEWS

മഹാരാഷ്ട്രയില്‍ 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; അടി തുടര്‍ന്ന് മഹാവികാസ് അഘാഡി

മുംബൈ: 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ബിജെപി 20 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയിരിക്കെ, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം നീളുന്നു. ശിവസേന ഉദ്ധവ് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പല സീറ്റുകളിലും തര്‍ക്കം നിലനില്‍ക്കുകയാണ്. മഹാ വികാസ് അഘാഡിയുമായി കൈകോര്‍ക്കുമെന്നു കരുതുന്ന പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി വഞ്ചിത് ബഹുജന്‍ അഘാഡി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയും നല്‍കി. കോലാപുര്‍, സാംഗ്ലി, മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റുകളില്‍ കോണ്‍ഗ്രസും ഉദ്ധവ് പക്ഷവും തമ്മില്‍ തര്‍ക്കമുണ്ട്.

അവിഭക്ത ശിവസേനയുടെ സിറ്റിങ് സീറ്റായിരുന്ന കോലാപുരില്‍ ശിവാജിയുടെ പിന്‍ഗാമി ഷാഹു മഹാരാജിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ ഉദ്ധവ് പക്ഷത്ത് അസ്വസ്ഥതയുണ്ട്. പകരം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സാംഗ്ലിയില്‍ ഗുസ്തിതാരം ചന്ദ്രഹാര്‍ പാട്ടീലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിലാണ് ഉദ്ധവ് പക്ഷം. കോണ്‍ഗ്രസ് പതിവായി മത്സരിച്ചിരുന്ന മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റിനായി ഉദ്ധവ് പക്ഷം പിടിമുറുക്കി. വാര്‍ധ വിട്ടുതരണമെന്ന ആവശ്യവുമായി ശരദ് പവാര്‍ പക്ഷം രംഗത്തുണ്ട്. മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ മത്സരിക്കാന്‍ പദ്ധതിയിടുന്ന വിദര്‍ഭയിലെ ഭണ്ഡാരഗോണ്ടിയ മണ്ഡലത്തിന്‍മേലും ശരദ് പവാര്‍ പക്ഷം അവകാശവാദം ഉന്നയിച്ചു.

Signature-ad

സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ തട്ടകമായ സോലാപുര്‍ വേണമെന്ന് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അകോള, അമരാവതി സീറ്റുകളുമായി ബന്ധപ്പെട്ടും പ്രകാശ്-കോണ്‍ഗ്രസ് തര്‍ക്കമുണ്ട്. ‘ഭാരത് ജോഡോ ന്യായ് യാത്ര’ ഈ മാസം 17ന് സമാപിച്ച ശേഷം സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് അഘാഡിയുടെ തീരുമാനം. എന്‍ഡിഎയില്‍, ബിജെപി 31 സീറ്റുകളിലും ശിവസേന ഷിന്‍ഡെ പക്ഷം 13 സീറ്റുകളിലും എന്‍സിപി അജിത് പവാര്‍ വിഭാഗം 4 സീറ്റുകളിലും മത്സരിക്കാന്‍ ഏതാണ്ട് ധാരണയായതായി ഷിന്‍ഡെ വിഭാഗം നേതാവ് അവകാശപ്പെട്ടു.

Back to top button
error: