CrimeNEWS

മലപ്പുറത്ത് സെവന്‍സ് ഗ്രൗണ്ടില്‍ വിദേശതാരത്തെ ചവിട്ടിക്കൂട്ടിയും വംശീയമായിഅധിക്ഷേപിച്ചും തെമ്മാടിത്തം; പരാതി നല്‍കി ഐവറി കോസ്റ്റ് താരം

മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്. കഴിഞ്ഞ ദിവസമാണ് താരത്തിന് മര്‍ദനമേറ്റത്. കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മര്‍ദിച്ചുവെന്നും ഇതിന് പിന്നാലെ താരത്തിനെ ആള്‍ക്കൂട്ടം കൂട്ടമായി മര്‍ദിക്കുവായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നത്. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Signature-ad

ഐവറികോസ്റ്റ് കളിക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്പി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്കും പരാതി നല്‍കിയിട്ടുണ്ട്.

Back to top button
error: