LIFETRENDING

ട്വിസ്റ്റ് ഉണ്ട്, സസ്പെൻസ് ഉണ്ട്, ഒരു മണിക്കൂറിൽ ഒരു കിടിലൻ സിനിമ: ഓപ്പറേഷൻ ഒളിപ്പോര്

മൂഹ മാധ്യമങ്ങൾ നവ പ്രതിഭകൾക്ക് വലിയ വാതായനങ്ങളാണ് ഈ കാലഘട്ടത്തിൽ തുറന്നുകൊടുക്കുന്നത്. സിനിമ എന്ന വലിയ ലോകത്തിലേക്ക് എത്താൻ ഇന്ന് ഒരുപാട് യാത്ര ചെയ്യേണ്ട കാര്യമില്ല. തങ്ങൾക്ക് കഴിവുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ആയാൽ അവരെ തേടി പ്രേക്ഷകരെത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ഒളിപ്പോര് എന്ന ഹ്രസ്വസിനിമ. ഒരു മണിക്കൂറില്‍ ചെറിയ സിനിമ, പക്ഷേ മേക്കിങ്ങിലോ ക്വാളിറ്റിയിലോ ഒരു തരിമ്പുപോലും സിനിമയുടെ പിന്നിലേക്ക് പോയിട്ടില്ല ഈ കൊച്ചു ചിത്രം.

സിനിമ സ്പുഫുകളും സാമൂഹികപ്രസക്തിയുള്ള വീഡിയോകളും അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള സോഡാ ബോട്ടിൽ ടീമാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ സന്തൂർ സോപ്പ് പരസ്യത്തിന്റെ സ്പൂഫ് ഈ ടീമിന്റേതായിരുന്നു. സാബത്തിക ബാധ്യതയെത്തുടര്‍ന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ ഒളിപ്പോര്. പക്ഷേ യാദൃശ്ചികമായി അന്നേദിവസം അതേ സ്ഥാപനം കൊള്ളയടിക്കാനെത്തുന്ന മറ്റൊരു സംഘത്തിനൊപ്പം ഇവർ കൂടിച്ചേരുന്നതാണ് ചിത്രത്തിന്റെ കഥാഗതിയെ മാറ്റുന്നത്. ഈ രണ്ടു കൂട്ടർക്കും ഇടയിൽ നടക്കുന്ന തമാശയും ട്വിസ്റ്റും ആക്ഷനും ഒക്കെ ചേർന്നതാണ് ഓപ്പറേഷൻ ഒളിപ്പോര്.

Signature-ad

ചെറിയ വീഡിയോയിലൂടെയാണ് സോഡാ ബോട്ടിൽ ടീമിന്റെ തുടക്കമെങ്കിലും ഒരു വലിയ സിനിമ എന്നത് അവരുടെ സ്വപ്നമായിരുന്നു. കൃത്യമായി ഒരു ടീം എത്തിച്ചേർന്നപ്പോഴാണ് വലിയ സിനിമ എന്ന മോഹത്തിലേക്ക് അവർ കാലെടുത്തുവച്ചത്. 2018 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്നു ദിവസം മുൻപാണ് പ്രളയം വന്നത്. അതോടെ 10 ദിവസം കൊണ്ട് ചിത്രീകരിക്കേണ്ട സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ മൂന്നുമാസം നീണ്ടു പോയി. പകല്‍ ജോലിയും രാത്രിയില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എന്ന നിലയിലായിരുന്നു അണിയറപ്രവർത്തകർ കൈകാര്യം ചെയ്തിരുന്നത്.

രണ്ടുവർഷത്തോളം എടുത്താണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയത്. അങ്ങനെ റിലീസിങ് തീയതി പ്രഖ്യാപിച്ചപ്പോഴാണ് പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് ലോക്ഡൗൺ ഇന്ത്യയിലെത്തുന്നത്. ഇത്രയും കഷ്ടപ്പാടിലൂടെ കടന്നുവന്നെങ്കിലും ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ സന്തോഷം നൽകുന്നുവെന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായം. നവാഗതനായ സോണി കഥയെഴുതിയിരിക്കുന്ന ഈ കൊച്ചു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അക്ഷയ് ആണ്. രണ്ട് പേരും സോഫ്റ്റ്‌വെയർ എൻജിനീയേഴ്സാണ്. യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്ത ഈ ചെറുപ്പക്കാർ ചിത്രീകരണം തുടങ്ങുന്നതിന് 6മാസം മുൻപ് സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളും സിനിമ കണ്ടു തന്നെ പരിചയിച്ച ശേഷമാണ് ചിത്രീകരണത്തിലേക്ക് കടന്നത്.

Back to top button
error: