അന്നായിരുന്നു ചരിത്രത്തിലാദ്യമായി മേല്‍ക്കൂരയില്ലാതെ ഒരു വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ ഓരോ യാത്രക്കാരും ജീവനോടെ ഭൗമോപരിതലത്തിലെത്തി. ഒരാളൊഴികെ.. ജീവനക്കാരിയായിരുന്ന ക്ലാരബെല്ല ലാൻസിംഗ്. ആകാശത്ത് വച്ച് അപ്രതീക്ഷിതമായി വിമാനത്തിന്റെ മേല്‍ക്കൂര അടർന്നുപോയപ്പോള്‍ അവരും പുറത്തേക്ക് പറന്നു പോയി.
വ്യോമയാന മേഖല ഇന്നും ഞെട്ടലോടെ രേഖപ്പെടുത്തുന്ന സംഭവമാണ് ഹവായിലെ ഹിലോയില്‍ നിന്ന് ഹോനൊലുലുവിലേക്കോള്ള ആ വിമാനയാത്ര. 89 യാത്രക്കാരും ആറ് ജീവനക്കാരും അന്ന് വിമാനത്തിൽ ഉണ്ടായിരുന്നു.
40 മിനിറ്റ് മാത്രമാണ് യാത്രാദൈർഘ്യം. പറന്നുയർന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിനുള്ളിലെ മർദ്ദം പൊടുന്നനെ നഷ്ടപ്പെട്ടു. ഇതേസമയം 24,000 അടി മുകളിലൂടെയായിരുന്നു വിമാനം പറന്നിരുന്നത്. മർദ്ദം നഷ്ടപ്പെട്ടതോടെ വിമാനത്തിന്റെ മേല്‍ക്കൂര വലിയൊരു ശബ്ദത്തോടെ അടർന്ന് തെറിച്ചുപോയി.
പസഫിക് സമുദ്രത്തിന് മുകളിലൂടെ മേല്‍ക്കൂരയില്ലാതെ വിമാനം സഞ്ചരിച്ചു.ഇതിനിടെയാണ് ജീവനക്കാരി ക്ലാരബെല്ലയെ നഷ്ടപ്പെട്ടത്. ഇവർ യാത്രക്കാർക്ക് ഭക്ഷണം വിളമ്ബുന്നതിനിടെയായിരുന്നു അപകടം. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ പോലും പൈലറ്റുമാർക്ക് സമയമെടുത്തു. അതിശക്തമായ കാറ്റിനെ അതിജീവിക്കാൻ ഓരോ യാത്രക്കാരും പാടുപെട്ടു. വിമാനത്തിന്റെ അടർന്നുപോയ ഭാഗങ്ങള്‍ പലരുടെയും ശരീരത്തില്‍ മുറിവുണ്ടാക്കി. ചിലർക്ക് ശ്വാസമെടുക്കാൻ പോലുമായില്ല. തങ്ങളുടെ അന്ത്യനിമിഷങ്ങളെന്ന് ഉറപ്പിച്ച ഓരോ യാത്രക്കാരും അലമുറയിട്ട് കരയാൻ തുടങ്ങി.
എന്നാല്‍ പൈലറ്റുമാരുടെ മികവുകൊണ്ടും ഭാഗ്യം തുണച്ചതിനാലും സുരക്ഷിതമായി അവർ ലാൻഡ് ചെയ്തു. മേല്‍ക്കൂരയില്ലാതെ തന്നെ റണ്‍വേയില്‍ വിമാനം പറന്നിറങ്ങി. അപകടം സംഭവിച്ച് 13-ാം മിനിറ്റില്‍ അലോഹ എയർലൈൻസ് ലാൻഡ് ചെയ്തു. എന്നാല്‍ വിമാനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ച ക്ലാരബെല്ലയെ പലവിധേന അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
താരതമ്യേന ഏറ്റവും കുറവ് അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള യാത്രാമാർഗമാണ് വിമാനം. എന്നാല്‍ അപകട സാധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നാല്‍ ഒരുപക്ഷെ, യാത്രക്കാരുടേയോ വിമാനത്തിന്റേയോ തുമ്ബുപോലും കിട്ടിയെന്ന് വരില്ലെന്നതാണ് മറ്റൊരു വസ്തുത.ഇതിവിടെ പറയാൻ കാരണം കഴിഞ്ഞ ദിവസം അമേരിക്കയിൽ തന്നെ നടന്ന മറ്റൊരു സംഭവമാണ്.
സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് താഴെ വീണത് കഴിഞ്ഞ ദിവസമായിരുന്നു.വിമാനം പറന്നുയരുന്നതിനിടെയാണ് ടയര്‍ താഴെ വീണത്. തെറിച്ചു വീണ ടയര്‍ പതിച്ച് പാർക്കിംഗ് ഏരിയയിലെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു.
ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം ഇതോടെ ലോസ്ആഞ്ചല്‍സില്‍ അടിയന്തിരമായി നിലത്തിറക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമായിരുന്നു ഇതും.249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.