IndiaNEWS

ബംഗാളില്‍ രാമനവമിക്ക് പൊതുഅവധി; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി; തിരിച്ചടിച്ച് മമത

കൊൽക്കത്ത: ബംഗാളില്‍ രാമനവമിക്ക് പൊതുഅവധി പ്രഖ്യാപിച്ച മമതാ ബാനർജിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ രാഷ്ട്രീയനീക്കമാണിതെന്നും അവര്‍ തന്റെ ഹിന്ദു  പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

Signature-ad

അതേസമയം രാമനവമിക്ക് ബംഗാളിൽ അവധി പ്രഖ്യാപിക്കാൻ ബിജെപി നേതാക്കളുടെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ഹിന്ദുക്കൾക്ക് ഉപകാരപ്പെടുന്ന ഒരു പ്രഖ്യാപനത്തിൽ നിങ്ങൾ വിറളിപിടിക്കുന്നതെന്തിനെന്നും മമത ബാനർജി തിരിച്ചടിച്ചു.നിങ്ങൾ ആവശ്യപ്പെട്ടാൽ താനിത് പിൻവലിക്കാമെന്നും മമത കൂട്ടിച്ചേർത്തതോടെ ബിജെപി നേതാക്കൾ പ്രതിരോധത്തിലുമായി.

ദുര്‍ഗ പൂജ, കാളി പൂജ, സരസ്വതി പൂജ ദിനങ്ങളില്‍ ബംഗാളില്‍ പൊതു അവധിയാണെങ്കിലും ഇതാദ്യമായാണ് രാമ നവമിക്ക് അവധി പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത സര്‍ക്കാരിന്റെ അവധി പ്രഖ്യാപനം.ഇതാണ് ബിജെപിയെ വിറളി പിടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം രാമനവമി സമയത്ത് ബംഗാളിൽ വലിയ അക്രമ സംഭവങ്ങളാണ് നടന്നത്. ഹൗറയില്‍ ഘോഷയാത്ര കടന്നുപോകുമ്ബോഴുണ്ടായ സംഘര്‍ഷമാണ് ആക്രമണങ്ങളുടെ തുടക്കം. ദിവസങ്ങള്‍ക്ക് ശേഷം ഹൂഗ്ലിയില്‍ ബിജെപി നടത്തിയ ശോഭ യാത്രയ്ക്കിടെയിലും അക്രമങ്ങളുണ്ടായി.

പുറത്തു നിന്ന് വന്നവര്‍ സംസ്ഥാനത്തെ ക്രമസമാധാനം നഷ്ടപ്പെടുത്തുകയാണെന്ന് അന്ന് മമത ആരോപിച്ചിരുന്നു.അതേസമയം ജനങ്ങള്‍ക്ക് ഒത്തുകൂടാനും മതപരമായ ഘോഷയാത്രകള്‍ നടത്താനുമുള്ള അവകാശം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Back to top button
error: