മഞ്ചേശ്വരത്തെ 21 കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെ മരണത്തിന് കാരണമായത് മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ട് പുറത്തു വന്നിട്ടുണ്ട്. മിയാപദവ് സ്വദേശി മൊയ്‌ദീൻ ആരിഫ് (21) ആണ് തിങ്കളാഴ്ച ദുരൂഹ സാചര്യത്തിൽ മരിച്ചത്.
മയക്കുമരുന്ന് ലഹരിയിൽ പൊതുസ്ഥലത്ത് ബഹളം വച്ചു എന്ന പരാതിയെ തുടർന്ന് ഞായറാഴ്ച രാത്രി ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് രാത്രി തന്നെ ബന്ധുക്കൾക്കൊപ്പം യുവാവിനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജിൽ വിദഗ്ധ പോസ്റ്റ് മോർട്ടം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ബന്ധുവടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.