ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു പതിറ്റാണ്ടായി സോണിയാ ഗാന്ധി പ്രതിനിധീകരിച്ച മണ്ഡലമാണ് റായ്ബറേലി. അതേസമയം, കോണ്‍ഗ്രസ് ഇതുവരെ റായ്ബറേലിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
റായ്ബറേലിയില്‍ കോണ്‍ഗ്രസിനു അഭിമാനപോരാട്ടമാണ്. അതുകൊണ്ടു തന്നെ പ്രിയങ്ക സ്ഥാനാര്‍ഥിയാകണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ”കോണ്‍ഗ്രസിന്റെ പുരോഗതിക്കായി റായ്ബറേലി പ്രിയങ്ക ഗാന്ധിയെ ക്ഷണിക്കുകയാണ്. ദയവായി വരൂ.” എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ എത്തിയത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഇന്ദിര ഗാന്ധി, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റായ്ബറേലിയില്‍ ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗത്തിനിടയില്‍ 2014ലും 2019ലും റായ്ബറേലി കോണ്‍ഗ്രസ് നിലനിര്‍ത്തി. സോണിയ ഗാന്ധി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകണമെന്ന ചര്‍ച്ച ഉണ്ടായത്. പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകമെന്ന അഭിപ്രായത്തിനാണു മുന്‍തൂക്കം. 2019ലെ തിരഞ്ഞെടുപ്പില്‍ 1.60 ലക്ഷം വോട്ടിനാണ് ബിജെപിയുടെ പ്രതാപ് സിങ്ങിനെ റായ്ബറേലിയില്‍ സോണിയ പരാജയപ്പെടുത്തിയത്.