കോട്ടയം: കുടയംപടിയിലെ സ്റ്റെപ്സ് ഫുട്വെയര് ഉടമ കെ.സി. ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതിനു കാരണക്കാരനായ ബാങ്ക് മാനേജര്‍ പ്രദീപിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബിനുവിന്റെ മകള്‍ നന്ദന ബിനു. കര്‍ണാടക ബാങ്കില്‍നിന്നും എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ മാനേജര്‍ പ്രദീപിന്റെ നിരന്തരമുള്ള ഭീഷണിയില്‍ മനംനൊന്താണ് അച്ഛന് ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ വോയ്സ് കോള്‍ റിക്കാര്‍ഡ് അടക്കമുള്ള തെളിവുകള്‍ പോലീസിനു കൊടുത്തിട്ടുള്ളതാണ്. എന്നാല്‍, അച്ഛന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ സ്വഭാവരീതികള്‍ മൂലമാണെന്നും 12 വര്‍ഷം മുന്‍പ് ഞങ്ങളുടെ മുത്തച്ഛന് ആത്മഹത്യ ചെയ്തിട്ടുള്ളതിനാല്‍ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നും വരുത്തി ത്തീര്‍ത്ത് ബാങ്ക് മാനേജരെ സംരക്ഷിക്കാനുതകുന്ന രീതിയില്‍ പോലീസ് അന്വ ഷണറിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി അറിയുന്നു.
ബാങ്കില്‍നിന്നും അച്ഛന് എടുത്ത ലോണ്‍ ക്ലോസ് ചെയ്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലോണ്‍ ക്ലോസ് ചെയ്തിട്ടില്ലെന്നും 4,11,000 രൂപ അടയ്ക്കാനുണ്ടെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. മറ്റു കട ബാധ്യതകള്‍ മൂലമാണ് അച്ഛന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. പോലീസ് അന്വേഷണം സുതാര്യമായല്ല നടന്നത്. ബാങ്ക് മാനേജരെ സംരക്ഷി ക്കാന്‍വേണ്ടി കേസ് വഴിതിരിച്ചുവിടുന്നതായി സംശയിക്കുന്നു. നിലവിലുള്ള അന്വേ ഷണത്തില്‍നിന്ന് ഞങ്ങള്‍ നീതി പ്രതീക്ഷിക്കുന്നില്ല. സത്യസന്ധരായ ഉദ്യോഗസ്ഥ രെക്കൊണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് കോട്ടയം എസ്പിക്ക് പരാതി നല്‍കുമെന്നും നന്ദന പറഞ്ഞു.
അച്ഛന്റെ മരണത്തെത്തുടര്‍ന്ന്, വസ്തുതകള്‍ ബോധ്യമുള്ള പൊതുസമൂഹത്തിന്റെ സഹായത്താലാണ് ഞങ്ങള്‍ കഴിയുന്നത്. മന്ത്രി വി.എന്‍. വാസവന്, തോമസ് ചാഴി കാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, പി.സി. ജോര്‍ജ്, വ്യാപാരി -വ്യവസായി ഏകോപന സമിതി നേതാക്കള്‍, കെ.ആര്.എഫ്.എ നേതാക്കള്‍, ജെയ്ക് സി. തോമസ്, അഡ്വ. അനില്‍കുമാര്‍, പ്രമോദ് ചന്ദ്രന് തുടങ്ങിയവരും ഓട്ടോ തൊഴി ലാളികളുടമടക്കം നിരവധിപ്പേര്‍ വീട്ടിലെത്തി ഞങ്ങളെ ആശ്വസിപ്പിക്കുകയും സഹാ യിക്കുകയും ചെയ്തു. അമ്മയും രണ്ടു പെണ്മക്കളുമുള്ള ഞങ്ങള്‍ക്കെതിരേ വസ്തു താവിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് അതീവ ദുഃഖകരമാണ്.
പത്രസമ്മേളനത്തില്‍ ബിനുവിന്റെ ഭാര്യ ഷൈനി, ബിനുവിന്റെ സഹോദരന് ബിജു, വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയംഗം കോട്ടയം ബിജു എന്നിവരും പങ്കെടുത്തു.