ബാഹുബലിയെന്ന സിനിമയ്ക്കാപ്പം ഇന്ത്യയൊട്ടാകെ അറിയപ്പെട്ട പേരാണ് എസ്.എസ്.രാജമൗലി എന്നത്. ബാഹുബലിക്ക് ലോകവ്യാപകമായി ലഭിച്ച സ്വീകാര്യത രാജമൗലിയെന്ന സംവിധായകനെ ലോകത്തിനു മുൻപിൽ അടയാളപ്പെടുത്തുകയായിരുന്നു. ബാഹുബലി എന്ന ചിത്രത്തിലൂടെ രാജമൗലിയെ തേടി ദേശീയ അവാർഡ് അടക്കം എത്തി.
ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി എന്തു മാജിക്കാണ് ഒരുക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരൺ എന്നിവരെ നായകൻമാരാക്കി രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർആർആർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒക്ടോബര്‍ 13ന് ചിത്രം തിയേറ്ററുകളില്‍ എത്തും. രുധിരം, രണം, രൗദ്രം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് വി വിജയന്ദ്ര പ്രസാദ് ആണ്.
ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ നും രാംചരണിനും ഒപ്പം ആലിയഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം പത്തു ഭാഷകളിലായി പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി എം എം കീരവാണി സംഗീതസംവിധാനവും കെ കെ സെന്തില്‍കുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.