CrimeNEWS

സിദ്ധാര്‍ത്ഥന്റെ വീടിനു മുന്നിലെ സിപിഎം ബോര്‍ഡ് താഴേക്ക്; എസ്എഫ്‌ഐ കൊന്നതെന്ന ബോര്‍ഡുമായി കെഎസ്‌യു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി. ‘എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക’ എന്നായിരുന്നു ഫ്‌ലെക്‌സ് ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബോര്‍ഡിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്കിടെ കെഎസ്‌യു അവരുടെ ഫ്‌ലെക്‌സ് ബോര്‍ഡുമായി എത്തി. ‘എസ്എഫ്‌ഐ കൊന്നതാണ്’ എന്നെഴുതിയ ബോര്‍ഡാണ് കെഎസ്‌യു സ്ഥാപിച്ചത്.

അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.

Signature-ad

ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല. ഫെബ്രുവരി 16, 17, 18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്‍ക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്.

ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

 

Back to top button
error: