KeralaNEWS

വന്ദേഭാരതില്‍ വാതകച്ചോര്‍ച്ചയില്ല; പുകവലിച്ചതാകാമെന്ന് സംശയം, പുറത്തുവന്നത് അഗ്‌നിരക്ഷാ വാതകം

കൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ ഉണ്ടായത് എസിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയല്ലെന്ന് റെയില്‍വേ. പുകയുടെ സാന്നിധ്യമുണ്ടായാല്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നിരക്ഷാ വാതകമാണ് എസിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ച എന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായത്. പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട്, കളമശേരി- ആലുവ റൂട്ടില്‍ വച്ചാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി കോച്ചില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാര്‍ട്ട്മെന്റുകളിലേക്ക് മാറ്റി. തുടര്‍ന്ന് ആലുവയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വാതകച്ചോര്‍ച്ച അല്ലെന്ന് സ്ഥിരീകരിച്ചത്.

Signature-ad

പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. പ്രശ്നം പരിഹരിച്ച ശേഷം വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടു. സി ഫൈവ് കോച്ചില്‍ യാത്രക്കാരെ ഇരുത്തി കൊണ്ടാണ് ട്രെയിന്‍ ആലുവയില്‍ നിന്ന് പുറപ്പെട്ടത്. അതിനിടെ ശുചിമുറിയില്‍ നിന്ന് പുക ഉയരാനുള്ള കാരണത്തെ കുറിച്ച് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിനില്‍ പുകവലിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് ആരെങ്കിലും പുക വലിച്ചോ എന്നതടക്കമാണ് റെയില്‍വേ പൊലീസ് അന്വേഷിക്കുന്നത്.

Back to top button
error: