തൃശൂർ: കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വർദ്ധിച്ചത്. കോഴിക്ക് കിലോയ്ക്ക് 140-160 രൂപ വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില.
ഇറച്ചിക്ക് കിലോയ്ക്ക് 220-240 രൂപയാണ് നിരക്ക്.
ഒരു മാസം മുമ്ബുവരെ തൂവലോടുകൂടെ 100 രൂപയ്ക്ക് താഴെയും ഇറച്ചിക്ക് 200ല്‍ താഴെയുമായിരുന്നു വില. റംസാൻ മാസം അടുത്തതിനാല്‍ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം. ചൂട് കുറഞ്ഞ് കോഴി ഉല്പാദനം വർദ്ധിക്കുന്നത് വരെ വില ഉയർന്നു തന്നെ നില്‍ക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
കനത്ത ചൂടില്‍ കോഴി ഉല്പാദനം കുറഞ്ഞതാണ് വില പൊടുന്നനെ ഉയരാൻ കാരണം. ഇത് മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടിയെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
വെള്ളവും മറ്റുമായി വേനല്‍ക്കാലത്ത് ഉല്പാദനച്ചെലവും കൂടും. വില കൂടിയതോടെ കോഴിയിറച്ചിയുടെ വില്പന ഇടിഞ്ഞിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.