കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്. ഓള് ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
ആയിരത്തിലധികം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിക്കുന്നത് . മുംബൈയിലെ ആസാദ് മൈദാനില്‍ മാര്‍ച്ച് അവസാനിക്കും. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാന്‍ പരേഡിന്റെ ഭാഗമായി രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകള്‍ പരേഡ് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഡൽഹി അതിർത്തികളായ ഗാസിപൂർ, സിംകു, തിക്രി എന്നിവിടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക.
പരേഡിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുമെന്ന് മറ്റൊരു കർഷക നേതാവായ ഗുറണാം സിംഗ് ചടുനി അറിയിച്ചു. ഡൽഹി അതിർത്തി പ്രദേശങ്ങളിൽ വെച്ചിരിക്കുന്ന ബാരിക്കേഡുകൾ പോലീസ് ജനുവരി 26ന് നീക്കം ചെയ്യുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി നിരവധി സംഘം കർഷകർ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭക്ഷണം,കിടക്കാനുള്ള സൗകര്യങ്ങൾ എന്നിവയുമായാണ് ഇവർ വരുന്നതെന്നാണ് വിവരം.