തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരന് തന്നെ മത്സരിക്കും. എ.ഐ.സി.സി നിര്‍ദേശപ്രകാരമാണ് സുധാകരന് മത്സരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായതിനാല്‍ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടാണ് സുധാകരന് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.
എന്നാല്‍, വിജയസാധ്യത പരിഗണിച്ച് സുധാകരന് തന്നെ മത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുധാകരന് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം. നാളെ കൊല്ലത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
അതേസമയം, കോണ്‍ഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ഡിസിസി ഓഫീസിലായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്.
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിന് വിഡി സതീശന് എത്താന്‍ വൈകിയതിന് സുധാകരന് അസഭ്യപ്രയോഗം നടത്തിയിരുന്നത് വിവാദമായിരുന്നു.