തൃശ്ശൂര്‍: സാംസ്‌കാരികപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിക്കിടെ ചോദ്യോമുന്നയിച്ചയാളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തെക്കുറിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി ഉയര്‍ത്തിയ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. അഭിപ്രായം പറയാന്‍ അവസരം കിട്ടിയെന്നു കരുതി ഒരു സ്ഥാപനത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
തൃശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലായിരുന്നു സംഭവം. അവസരം തന്നാല്‍ എന്തും പറയാമെന്ന നിലയാകരുത് കാര്യങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന് ചില പോരായ്മകളുണ്ട്. എന്നാല്‍, ഇകഴ്ത്തിക്കാട്ടരുതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
ഒരു സ്ഥാപനത്തെ ഇങ്ങനെയാണോ സമീപിക്കേണ്ടത്. അവിടെ കുട്ടികളെ അയക്കാന്‍ പാടില്ലെന്ന സന്ദേശമാണ് നിങ്ങള്‍ കൊടുക്കാന്‍ ശ്രമിച്ചത്. ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. എന്തു വീഴ്ചയാണ് അതിനെപ്പറ്റി പറയാനുള്ളത്. ഒരു അഭിപ്രായം പറയാന്‍ അവസരം കിട്ടിയതുകൊണ്ട് ഒരു സ്ഥാപനത്തെ ആകെ ആക്ഷേപിക്കുന്ന തരത്തില്‍ പറയരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.