അടൂർ: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂർ മലമേക്കര സ്വദേശിനിയിൽ നിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ജില്ലയിൽ പെരിനാട് വില്ലേജിൽ വെള്ളിമൺ വിനോദ് ഭവനിൽ വിനോദ് ആണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി നൂറനാട് വില്ലേജിൽ ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടിൽ അയ്യപ്പദാസ് കുറുപ്പും മൂന്നാം പ്രതി ഇയാളുടെ സഹോദരൻ മുരുകദാസ് കുറുപ്പുമാണ് അറസ്റ്റിലായത്.
2021 മാർച്ചിൽ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് ഒന്നാം പ്രതി വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയിരുന്നു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധങ്ങൾ ഉള്ളയാളാണെന്നും പൊതുപ്രവർത്തകൻ ആണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ സ്ഥാനാർത്ഥിയായിരുന്നെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയത്. മാത്രമല്ല, ഒരുപാട് പേർക്ക് ജോലി വാങ്ങി നൽകിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്ന് പണം കൈപ്പറ്റി. അതിനുശേഷം വിനോദ് ബാഹുലേയൻ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ക്ലർക്കായി ജോലിയിൽ നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തു.
തുടർന്ന് ജോലിയിൽ പ്രവേശിക്കുന്നതിന്റെ തലേ ദിവസം ഫോണിൽ വിളിച്ച് മറ്റൊരു ദിവസം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് അറിയിച്ചു. നിരവധി തവണ ഇയാൾ ഇത്തരത്തിൽ ഒഴിവുകൾ പറഞ്ഞതിനെത്തുടർന്ന് പരാതിക്കാരി നിയമന ഉത്തരവ് സുഹൃത്താക്കളായ ചിലരെ കാണിക്കുകയും അത് വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കൈപ്പറ്റിയ പണം തിരികെ നല്കാൻ ആവശ്യപ്പെട്ടപ്പോൾ ഒന്നാം പ്രതി അതിനു തയ്യാറാകാത്തതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
പരാതി അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശാനുസരണം അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതികളെ അടൂർ പോലീസ് ഇൻസ്പെക്ടർ രാജീവ്.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നിരവധി ആളുകളിൽ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതു സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
#keralapolice