ഇപ്പോഴിതാ റായ്ഗഡില്‍ നിന്നും സമാനമായ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. നവി മുംബൈയിലെ മെഡികോവർ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകള്‍ റിപ്പോർട്ട് ചെയ്തത്. മെമ്ബ്രനസ് നെഫ്രോപ്പതി എന്ന അപൂർവവൃക്കരോഗം സ്ഥിരീകരിച്ച രണ്ടുപേരിലാണ് പരിശോധനകള്‍ക്കൊടുവില്‍ ഫെയർനസ് ക്രീമാണ് വില്ലനെന്നു തെളിഞ്ഞത്.
ഇരുപത്തിനാലുകാരിയിലും അമ്ബത്തിയാറുകാരനിലുമാണ് തൊലിവെളുക്കാൻ ഉയർന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ഹെർബല്‍ ക്രീമുകള്‍ ഉപയോഗിച്ചത് പ്രശ്നമായത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മെമ്ബ്രനസ് നെഫ്രോപ്പതി.
ശരീരത്തില്‍ വീക്കം കണ്ടതിനേത്തുടർന്നു നടത്തിയ പരിശോധനയിലാണ് വൃക്കരോഗമാണെന്ന് വ്യക്തമായത്. കൂടാതെ മൂത്രത്തില്‍ പ്രോട്ടീന്റെ സാന്നിധ്യവും അമിതമായ അളവില്‍ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ ഇരുവരുടേയും രക്തപ്രവാഹത്തില്‍ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെയാണ് ഡോക്ടർമാർക്ക് സംശയമായത്. നിറം വെളുപ്പിക്കുന്ന വസ്തുക്കളില്‍ പലതിലും മെർക്കുറി ഉള്‍പ്പെടെയുള്ള ടോക്സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ട്.
ഡോക്ടർ നിർദേശിച്ചപ്രകാരമാണ് ഇരുപത്തിനാലുകാരിയായ യുവതി എട്ടുമാസത്തോളം ഈ ഹെർബല്‍ ക്രീം ഉപയോഗിച്ചത്. അമ്ബത്തിയാറുകാരൻ ഒരു ബാർബർ നിർേശിച്ച പ്രകാരമാണ് മൂന്നുമാസത്തോളമായി ക്രീം ഉപയോഗിച്ചുവന്നത്. ഇരു ക്രീമുകളിലും ഹെർബല്‍ ഘടകങ്ങളേക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരുന്നത്. മരുന്നുചികിത്സയ്ക്കൊടുവില്‍ ഇരുവരിലേയും മൂത്രത്തിലെ പ്രോട്ടീന്റെ അളവ് കുറയുകയും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുകയുമായിരുന്നു. ഇരുവരും തക്കസമയത്ത് ആശുപത്രിയിലെത്തിയതാണ് ഗുണംചെയ്തതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.