ഇടുക്കി: കുമളിയില്‍ രാത്രി പെട്രോളിംഗിനിടെ എസ്.ഐക്ക് മര്‍ദനമേറ്റു. കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷെഹീര്‍ ഷാക്കാണ് മര്‍ദനമേറ്റത്. റോസാപ്പൂക്കണ്ടം സ്വദേശി ബാബുവാണ് മര്‍ദിച്ചത്. ചെവിക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമളി ടൗണിന് സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ യും സംഘവും റോസപ്പൂക്കണ്ടത്ത് എത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരീരമാസകലം ചോരയുമായി നിന്ന ബാബുവിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എസ്.ഐയെ ആക്രമിക്കുകയായിരുന്നു.
ചെവിക്കും തലക്കും പരിക്കേറ്റ ഷെഹീര്‍ ഷായെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐയെ അക്രമിച്ച ബാബുവിനെതിരെ പൊലീസ് കേസെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണ്.