ന്യൂഡല്‍ഹി: സ്‌കൂള്‍ ബസ് കാത്തുനിന്നയാള്‍ മകന്റെ മുന്നില്‍ പശുവിന്റെ കുത്തേറ്റു മരിച്ചു. സൗത്ത് ഡല്‍ഹിയിലെ തിഗ്രിയിലാണ് തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തില്‍ സുഭാഷ് കുമാര്‍ ഝാ എന്നയാള്‍ (42) മരിച്ചത്. മകനെ സ്‌കൂളില്‍ അയയ്ക്കാനാണു സുഭാഷ് രാവിലെ 8ന് ദേവ്‌ലി മോഡ് ബസ് സ്റ്റോപ്പിലെത്തിയത്. പൊടുന്നനെ പശു ഇടിച്ചിടുകയായിരുന്നു.
താഴെവീണ സുഭാഷ് കുമാറിന്റെ തലയിലും നെഞ്ചിലും പശു പലവട്ടം ഇടിക്കുകയും കുത്തുകയും ചെയ്തു. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ വടികൊണ്ട് അടിച്ചാണ് പശുവിനെ അകറ്റിയത്. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ആക്രമണത്തില്‍ പ്രദേശത്തു മുന്‍പും പലര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.