ബംഗളൂരൂ: ക്രിക്കറ്റ് മത്സരശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കര്‍ണാടക ക്രിക്കറ്റ് താരം കെ ഹൊയ്സാല മരിച്ചു. 34 വയസായിരുന്നു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്.
ബംഗളൂരുവിലെ ആര്‍എസ്ഐ മൈതാനത്ത് തമിഴ്നാടിനെതിരെ കര്‍ണാടകയുടെ മത്സരം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ, താരം കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്കി. ഹൊയ്സാലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കര്‍ണാടകയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമായിരുന്നു ഹോയ്സാലയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. മത്സരത്തില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത ഹൊയ്സാല ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.