കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബി.വി.എസ്സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ (21) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികളടക്കം 12 വിദ്യാര്‍ഥികളുടെ പേരില്‍ റാഗിങ്ങിന് കേസെടുത്തു.
കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, ഭാരവാഹി എന്‍. ആസിഫ് ഖാന്‍ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍ (20), കെ. അഖില്‍ (23), ആര്‍.എസ്. കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാല്‍ (22), എ. അല്‍ത്താഫ് (22), വി. ആദിത്യന്‍ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥനെ കഴിഞ്ഞ 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 16-നും 17-നും കോളേജില്‍വെച്ച് സിദ്ധാര്‍ഥന് മര്‍ദനവും പരസ്യവിചാരണയും നേരിടേണ്ടിവന്നുവെന്നാണ് ആരോപണം. അസ്വാഭാവികമരണത്തിന് പോലീസ് നേരത്തേ കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കേസ് കല്പറ്റ ഡിവൈ.എസ്.പി.ക്ക് ശനിയാഴ്ച കൈമാറും.
സിദ്ധാര്‍ഥനെ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും പരസ്യവിചാരണ ചെയ്യുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. സിദ്ധാര്‍ഥന്‍ റാഗിങ്ങിന് ഇരയായെന്നു കാണിച്ച് ദേശീയ റാഗിങ് വിരുദ്ധസമിതി (നാഷണല്‍ ആന്റി റാഗിങ് കമ്മിറ്റി) മുമ്പാകെ പരാതിയുമെത്തിയിരുന്നു. സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി യോഗം ചേര്‍ന്ന് പോലീസിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് റാഗിങ്ങിന് നടപടിയെടുത്തത്. സിദ്ധാര്‍ഥന്റെ പോസ്റ്റ്മോര്‍ട്ടത്തിലും ആത്മഹത്യചെയ്യുംമുമ്പ് ഭീകരമായ മര്‍ദനമേറ്റതായി സൂചനയുണ്ട്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ഥിസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് കൊറക്കോട് ‘പവിത്രം’ വീട്ടില്‍ ജയപ്രകാശിന്റെയും ഷീബയുടെയും മകനാണ് സിദ്ധാര്‍ഥന്‍.