∙ തണ്ണിമത്തൽ : വേനലിൽ ഏറ്റവുമധികം ഡിമാന്റുള്ള പഴമാണ് തണ്ണിമത്തൻ. ഉഷ്ണകാലഫലം എന്നാണ് തണ്ണിമത്തൻ അറിയപ്പെടുന്നതു തന്നെ. ഇതിൽ 92 ശതമാനവും ജലമാണ്. പൊട്ടാസ്യത്തിന്റെ പ്രധാന സ്രോതസ്സായ തണ്ണിമത്തൻ നിർജലീകരണം തടയും. ഇതിലുള്ള ലൈക്കോപ്പിൻ പ്രോേസ്റ്ററ്റ് കാൻസർ തടയുകയും ത്വക്ക് സംരക്ഷിക്കുകയും ചെയ്യും. മിനുസമുള്ള തൊലിയോട് കൂടിയതും വലുപ്പത്തിനനുപാതികമായി തൂക്കമുള്ളതുമായ തണ്ണിമത്തൻ തിരഞ്ഞെടുക്കുക. ചതഞ്ഞതോ പൊട്ടിയതോ ഒഴിവാക്കുക. ഉപയോഗിക്കും മുൻപ് തണ്ണിമത്തൻ മുഴുവനായി വെള്ളത്തിൽ കഴുകിയെടുക്കുക.
∙ ഓറഞ്ച് : ഓറഞ്ചിൽ 170 ഓളം ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇതിലെ പെക്റ്റിൻ, പൊട്ടാസ്യം എന്നിവ രക്താതിമ്മർദം കുറയ്ക്കാൻ സഹായിക്കും. ഒാറഞ്ച് വാങ്ങുമ്പോൾ ഉറപ്പുള്ളതും മൃദുലവുമായത് തിരഞ്ഞെടുക്കുക. വാടിയതോ തൊലി ചുളിവു വീണതോ വാങ്ങരുത്. പച്ചനിറത്തിലുള്ളത് പാകമാകാെത പറിച്ചെടുത്തവയായതിനാൽ പുളി കൂടുതലായിരിക്കും. വെള്ളത്തിൽ നന്നായി കഴുകിയെടുത്തതിനുശേഷം ഉപയോഗിക്കുക.
∙ മാങ്ങ : ബീറ്റാ കരോട്ടിനും പൊട്ടാസ്യവും ധാരാളമടങ്ങിയ പഴമാണ് മാങ്ങ. മാങ്ങയിലെ ഈ ഘടകങ്ങൾ പലതരം കാൻസറുകൾ, പ്രായമായവരെ ബാധിക്കുന്ന നേത്ര സംബന്ധമായ രോഗങ്ങൾ എന്നിവ തടയുന്നു. വൃത്തിയായി കഴുകി, തൊലി ചെത്തികളഞ്ഞശേഷം മാത്രം ഉപയോഗിക്കുക. തൊലി കറുത്തതും ചുളിവുവീണതുമായവ വാങ്ങരുത്.
∙ മുന്തിരി : പച്ച, പിങ്ക്, നീല എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമായ മുന്തിരിയിൽ പോഷകമൂല്യം നേരിയ തോതിൽ ഉയർന്നു നിൽക്കുന്നത് നീലയിലും പിങ്കിലുമാണ്. തണ്ടുകൾ ഉണങ്ങിയതോ തണ്ടിൽ നിന്ന് അടർന്നു വീണതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്. ഒരു ടേബിൾ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയും 250 മില്ലീ വെള്ളത്തിൽ കലർത്തി മുന്തിരിയിൽ തളിക്കുക. 5–10 മിനിറ്റിനു ശേഷം ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു പോകാൻ ടിഷ്യു പേപ്പറിലോ കോട്ടൺ തുണിയിലോ നിരത്തുക.
∙ പൈനാപ്പിൾ : പൈനാപ്പിളിലിൽ ധാരാളം സൂക്ഷമപോഷകങ്ങളും ജീവകം സിയും അടങ്ങിയിട്ടുണ്ട്. ഈ ഫലത്തിന്റെ പോഷകമൂല്യം ഉയർത്തുന്നത് ഇതിലടങ്ങിയിരിക്കുന്ന ബ്രോമിലിൻ എൻസൈമാണ്. ഫ്രഷ് പൈനാപ്പിളിൽ മാത്രമെ ബ്രോമിലിൻ ഉണ്ടാകൂ. പൈനാപ്പിളിന്റെ തൊലി കനത്തിൽ ചെത്തി മാറ്റുകയും സുഷിരങ്ങളിൽ പ്രാണിയോ കീടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.