അതിനു കരുത്തേകുന്നത് സെക്കുലറിസമാണ്. എല്ലാ ജനങ്ങള്‍ക്കും തുല്യമായ ഭരണഘടനാവകാശങ്ങളും എല്ലാ മതങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന രാജ്യം ഇന്ത്യയെപ്പോലെ മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ല.അതേസമയം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ ഹൈന്ദവതയുടെ ഏകസംസ്കാരത്തിലേക്ക് പരിമിതപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിലാണ് കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടവും ആ പാർട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ സർക്കാറുകളും.
അതിന്റെ പ്രകടമായ ഉദാഹരണമായി വേണം ഗ്യാന്‍വാപി, മഥുര പള്ളികള്‍ക്കുമേല്‍ അവകാശവാദമുന്നയിച്ചുള്ള അജണ്ട യു.പി നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമര്‍ശിച്ചതിനെ കാണേണ്ടത്. മഹാഭാരതത്തില്‍ കൃഷ്ണന് ആവശ്യപ്പെട്ടത് അഞ്ചു ഗ്രാമങ്ങളാണെന്നും എന്നാല്‍, ഇന്ന് ഹിന്ദുസമൂഹം ആവശ്യപ്പെടുന്നത് അവരുടെ വിശ്വാസത്തിന്റെ മൂന്നു കേന്ദ്രങ്ങളായ അയോധ്യ, കാശി, മഥുര എന്നിവ മാത്രമാണെന്നുമാണ് ആദിത്യനാഥിന്റെ പരാമര്‍ശം. ഹിന്ദു സമൂഹത്തിന്റെ കുത്തകാവകാശം ബി.ജെ.പിക്കോ ആദിത്യനാഥിനോ അല്ല. മൊത്തം ഹിന്ദുക്കളുടെയും പ്രതിനിധി ചമഞ്ഞ് തീവ്രവികാരം കത്തിച്ചുനിർത്തി ഭരണത്തുടര്‍ച്ച നിലനിര്‍ത്താനാണ് സംഘ്പരിവാർ ശ്രമം. അയോധ്യയില്‍ രാമക്ഷേത്രം നിർമിച്ചത് ഭരണനേട്ടവും രാജ്യത്തെ ജനങ്ങളുടെ ചിരകാല ആഗ്രഹ സഫലീകരണമായുമൊക്കെ ചിത്രീകരിച്ച് കേന്ദ്രത്തിലെ ബി.ജെ.പി മന്ത്രിസഭ പ്രമേയം പാസാക്കിയതും ഒരു ദിവസം മുഴുവൻ ഈ വിഷയം പാർലമെൻറില്‍ പ്രത്യേകമായി ചർച്ച ചെയ്തതുമെല്ലാം ഇതിന്റെ ഭാഗമായാണ്.
പത്തു വർഷക്കാലം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കോ സാധാരണക്കാരായ ജനങ്ങള്‍ക്കോ ഗുണകരമായ യാതൊരു ഭരണനടപടികളും മുന്നോട്ടുവെക്കാതെ, കോർപറേറ്റുകളുടെ വളർച്ചക്കുവേണ്ടി മാത്രം നയതീരുമാനങ്ങളെടുത്തവർ അധികാരത്തില്‍ തുടരാൻ മതംവെച്ച് കളിക്കുന്നു. അതാണ് അയോധ്യയിലൂടെ സാധിച്ചെടുത്തതും ഗ്യാന്‍വാപിയിലും മഥുരയിലും തുടരാന്‍ ശ്രമിക്കുന്നതും. ഡല്‍ഹി മെഹ്റോളിയിലെ നൂറുകണക്കിന് വർഷം പഴക്കമുള്ള പള്ളിയും മദ്റസയും തകർത്തു, സുൻഹേരിബാഗിലെ രാഷ്ട്രീയ-ചരിത്ര പ്രാധാന്യമുള്ള പള്ളി തകർക്കാൻ പദ്ധതിയിടുന്നു. ചരിത്രപ്രധാന്യമുള്ളവക്ക് പുറമെ ഉത്തരാഖണ്ഡ് ഹാല്‍ദ്വാനിയിലെ പള്ളിയും മദ്റസയും പൊളിച്ചതുവഴി ഇത് രാജ്യത്ത് എവിടെയും സംഭവിക്കാമെന്ന സന്ദേശം നല്കി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും വർഗീയ വലതുപക്ഷ അനുയായികളെ ഉന്മാദത്തിലാക്കാനും സംഘ്പരിവാർ ഭരണകൂടങ്ങള്‍ ലക്ഷ്യമിടുന്നു.
പള്ളികള്‍ക്കും ന്യൂനപക്ഷ സമൂഹത്തിന്റെ ജീവനും ചിഹ്നങ്ങള്‍ക്കും നേരെ ഭീഷണി ഉയർത്തുക വഴി തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മണിപ്പൂരില്‍ ഉള്‍പ്പെടെ തുടരുന്ന ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിങ്ങനെ നൂറായിരം കാര്യങ്ങളെയാണ് ഉന്മാദ വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ തേച്ചുമായ്ച്ചു കളയുന്നത്. മുസ്ലിം ആരാധനാലയങ്ങളില്‍ മാത്രം സർവേ നടത്തി ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ അവകാശവാദത്തിന് വഴിയൊരുക്കുന്ന ആര്‍ക്കിയോളജിക്കല്‍-സർവേ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തതന്നെ തകര്‍ക്കുന്നതാണ്. ഗ്യാൻവാപി, മധുര പള്ളികള്‍ക്കു മേലുള്ള അവകാശവാദം ആരാധനാലയ സംരക്ഷണ നിയമത്തിന് കടകവിരുദ്ധമാണ്. ഇത്തരം അപകടകരമായ നീക്കങ്ങള്‍ കണ്മുന്നില് ആവർത്തിക്കപ്പെടുമ്ബോഴും കോടതികളും പൊതുസമൂഹവും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഏറെ സങ്കടകരം.