തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ട് വേദി മാറ്റിയെന്നാരോപിച്ച് മുന്‍ മന്ത്രി ആന്റണി രാജു രംഗത്തു വന്നതോടെ ഇരുവരും തമ്മിലുള്ള പോര് പരസ്യമായി. ആന്റണി രാജു മന്ത്രിയായിരിക്കുമ്പോള്‍ വാങ്ങിയ 20 ഇലക്ട്രിക് ബസുകളുടെയും 2 ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെയും ഉദ്ഘാടനവേദി അവസാനഘട്ടത്തില്‍ മാറ്റിയതാണു പ്രകോപനമായത്.
ഉദ്ഘാടനം പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണെന്നാണു തന്നെ അറിയിച്ചതെന്ന് ആന്റണി രാജു പറഞ്ഞു. ഇത് ആന്റണി രാജുവിന്റെ മണ്ഡലമാണ്. ഇവിടെയാണ് ഉദ്ഘാടനമെങ്കില്‍ സ്ഥലം എംഎല്‍എയായ അദ്ദേഹത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാനാകില്ല. തന്നെ ഒഴിവാക്കുന്നതിനായി ഉദ്ഘാടന പരിപാടി കെഎസ്ആര്‍ടിസിയുടെ വികാസ് ഭവന്‍ ഡിപ്പോയിലേക്കു മാറ്റിയെന്നാണ് ആന്റണി രാജു പറയുന്നത്. ഇതു വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലായതിനാല്‍ വി.കെ.പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിന് അര മണിക്കൂര്‍ മുന്‍പേ ആന്റണി രാജു സ്ഥലത്തെത്തി. തന്നെ ഒഴിവാക്കാനാണ് പുത്തരിക്കണ്ടത്തു നിന്നു പെട്ടെന്നു വികാസ് ഭവനിലേക്കു വേദി മാറ്റിയതെന്ന് അദ്ദേഹം ആരോപണമുന്നയിച്ചു. ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവര്‍ ബസ് വാങ്ങിയതില്‍ ആന്റണി രാജുവിനെ അഭിനന്ദിച്ചു. വിവാദത്തില്‍ പിന്നീടു മാധ്യമങ്ങള്‍ അഭിപ്രായം തേടിയെങ്കിലും മന്ത്രി ഗണേഷ്‌കുമാര്‍ പ്രതികരിച്ചില്ല. അതിനിടെ, കെഎസ്ആര്‍ടിസിയില്‍ ജനുവരി മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കുന്നതിന് 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.