KeralaNEWS

ജസ്റ്റിസ് അനു ശിവരാമന്റെ ആവശ്യം അംഗീകരിച്ചു; കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റം

കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ജസ്റ്റിസ് അനു ശിവരാമന്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റം. തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

2023 ഒക്ടോബര്‍ 16നാണ് കേരള ഹൈക്കോടതിയില്‍നിന്ന് സ്ഥലം മാറ്റണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് ഇക്കാര്യം അനുവദിച്ചു കൊണ്ട് ചൊവ്വാഴ്ച സുപ്രീം കോടതി കൊളീജിയം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

Signature-ad

2015 ഏപ്രിലിലാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതയാകുന്നത്. 2017 ഏപ്രിലില്‍ സ്ഥിരം ജഡ്ജിയായി. ചീഫ് ജസ്റ്റിസ് എസ്.ജെ.ദേശായി കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് അനു ശിവരാമന്‍. 2028 മേയ് 24 വരെ ജസ്റ്റിസ് അനു ശിവരാമന് സര്‍വീസില്‍ തുടരാം.

കാസര്‍കോട് സ്വദേശിയായ അനു ശിവരാമന്‍ 1991 മാര്‍ച്ച് 3നാണ് അഭിഭാഷകയായി എന്റോള് ചെയ്യുന്നത്. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ശിവരാമന്‍ നായരുടെ മകളാണ് അനു ശിവരാമന്‍. 2001 മുതല്‍ 2010 വരെ കൊച്ചിന്‍ കോര്‍പറേഷന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയിരുന്നു. 2007 മുതല്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായും സേവനമനുഷ്ഠിച്ചു.

ജസ്റ്റിസ് അനുവിനെ കൂടാതെ ജസ്റ്റിസുമാരായ മൗഷ്മി ഭട്ടാചാര്യ, സുജോയ് പോള്‍ എന്നിവരെയും സുപ്രീം കോളീജിയം സ്ഥലം മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആവശ്യപ്രകാരമായിരുന്നു സ്ഥലം മാറ്റം. ജസ്റ്റിസ് മൗഷ്മിയെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് തെലങ്കാന ഹൈക്കോടതിയിലേക്കും ജസ്റ്റിസ് സുജോയ് പോളിനെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് തെലങ്കാന ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.സ്ഥലംമാറ്റത്തോടെ ജസ്റ്റിസ് അനു ശിവരാമന്‍ കര്‍ണാടക ഹൈക്കോടതിയില്‍ സീനിയോരിറ്റിയില്‍ രണ്ടാമതാകും. മാത്രമല്ല, കര്‍ണാടക ഹൈക്കോടതി കൊളീജിയത്തിലും അംഗമാകും.

Back to top button
error: