IndiaNEWS

പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേജ്രിവാളിന്റെ പ്രഖ്യാപനം; ‘ഇന്ത്യ’ വീണ്ടും പ്രതിസന്ധിയില്‍

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചണ്ഡിഗഡില്‍ ഉള്‍പ്പെടെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. പഞ്ചാബില്‍ 13 ലോക്‌സഭാ മണ്ഡലങ്ങളും സംസ്ഥാനത്തിന്റെ തലസ്ഥാനവും കേന്ദ്രഭരണ പ്രദേശവുമായ ചണ്ഡിഗഡില്‍ ഒരു മണ്ഡലവുമാണ് ഉള്ളത്. പഞ്ചാബ് സര്‍ക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള റേഷന്‍ വാതില്‍പ്പടി വിതരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് കേജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്.

”രണ്ടു വര്‍ഷം മുന്‍പ് നിങ്ങള്‍ അനുഗ്രിച്ചു. 117 സീറ്റുകളില്‍ 92 സീറ്റുകളും നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി. പഞ്ചാബില്‍ നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചു. ഇന്നു ഞാന്‍ വീണ്ടും കൂപ്പുകൈകളോടെ നിങ്ങളുടെ അനുഗ്രഹം തേടുന്നു. രണ്ടു മാസത്തിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് വരും. പഞ്ചാബില്‍ 13 സീറ്റുകളുണ്ട്. ഒരെണ്ണം ചണ്ഡിഗഡിലും ഉള്‍പ്പെടെ 14 സീറ്റുകള്‍. 1015 ദിവസത്തിനുള്ളില്‍, ഈ 14 സീറ്റുകളിലും എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. രണ്ടു വര്‍ഷം മുന്‍പു നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ച രീതിയില്‍ ഈ 14 സീറ്റുകളിലും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.” -കേജ്രിവാള്‍ പറഞ്ഞു.

Signature-ad

പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന കേജ്രിവാളിന്റെ പ്രഖ്യാപനം പ്രതിപക്ഷ ഇന്ത്യ മുന്നണിയില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ 13 സീറ്റുകളില്‍ എട്ടും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. അകാലിദള്‍, ബിജെപി രണ്ടു വീതവും എഎപി ഒരു സീറ്റിലും വിജയിച്ചു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് എഎപി സ്വന്തമാക്കിയത്.

അതിനിടെ, എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച അകാലി ദള്‍ വീണ്ടും ബിജെപിക്ക് ഒപ്പം ചേരുമെന്ന സൂചനയും പഞ്ചാബില്‍നിന്നു പുറത്തു വരുന്നുണ്ട്.

Back to top button
error: