ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമരവേദി ജന്തര്‍ മന്തറില്‍ നിന്നും മാറ്റണമെന്ന ഉത്തരവ് ഡല്‍ഹി പൊലീസ് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്.
രാംലീല മൈതാനത്തിലേക്ക് മാറ്റാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ജന്തര്‍ ജന്തറില്‍ തന്നെ പരിപാടി നടത്താന്‍ അനുമതി നല്‍കിയ ഡല്‍ഹി പൊലീസ്, വേദി മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന, കേന്ദ്രം ഫെഡറലിസത്തെ തകര്‍ക്കുന്നു തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് സമരം.
കേരള ഹൗസില്‍ നിന്നും രാവിലെ മാര്‍ച്ച് ചെയ്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫിന്റെ എംപിമാരും എംഎല്‍എമാരും ഇടതു നേതാക്കളും ജന്തര്‍ മന്തറിലെ സമരവേദിയിലേക്കെത്തുക. രാവിലെ 11 നാണ് സമരം ആരംഭിക്കുക. കേന്ദ്രത്തിനെതിരായ സമരത്തിന് ദേശീയശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ സമരം നടത്താന്‍ തീരുമാനിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി പ്രഫ. കെവി തോമസ് പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തും. എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും ഇന്നും നാളെയുമായി ഡല്‍ഹിയിലെത്തും. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി നാളെ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് വിവരം.