IndiaNEWS

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി; തന്ത്രങ്ങളൊരുക്കി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരുങ്ങി പുതിയ മുഖ്യമന്ത്രി ചംപെയ് സോറന്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങളാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആസൂത്രണം ചെയ്യുന്നത്. അതേസമയം ഇ.ഡിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമം ഹേമന്ത് സോറനും ശക്തമാക്കി.

ജെ.എം.എമ്മിന്റെ സീത സോറന്‍, ലോബിന്‍ ഹെംബ്രോം, ചമ്ര ലിന്‍ഡ, രാംദാസ് സോറന്‍ എന്നിവരാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ മുഖ്യമന്ത്രിക്ക് എതിരെ പട നയിക്കുന്നത്. ഇവരെ അടര്‍ത്തിമാറ്റി ഭരണമുന്നണിയുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

Signature-ad

ഭരണമാറ്റം ഉണ്ടാകില്ല എങ്കിലും ഈ എം.എല്‍.എമാരെ ഉപയോഗിച്ച് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്കുള്ളില്‍ കലാപം സൃഷ്ടിക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. എന്നാല്‍, ഈ നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസും ജെ.എം.എമ്മും ചേര്‍ന്ന ഭരണ മുന്നണിയുടെ നീക്കം.

പുതുതായി ചുമതലയേറ്റ ഝാര്‍ഖണ്ഡിന്റെ കടുവയെന്നറിയപ്പെടുന്ന മുഖ്യമന്ത്രി ചംപെയ് സോറനെ ചൊല്ലിയുള്ള തര്‍ക്കം അദ്ദേഹത്തെ തന്നെ വെച്ച് പരിഹരിക്കാന്‍ സാധിക്കും എന്നാണ് ഭരണമുന്നണി കണക്കുകൂട്ടുന്നത്. പാര്‍ട്ടിക്കുള്ളിലെ വിമത സ്വരം ബി.ജെ.പിക്ക് അവസരം കൊടുക്കാത്ത വിധം മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കും.

വിമത എം.എല്‍.എമാരെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതായാണ് സൂചന. അതേസമയം, അറസ്റ്റ് ചെയ്ത ഇ.ഡി നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും ആരംഭിച്ചു.

ഹേമന്ത് സോറന്റെ അഭിഭാഷക സംഘം അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രി പദവിയിലിരിക്കവെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത ഇ.ഡിക്ക് എതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഉള്‍പ്പെട്ട ഭരണ മുന്നണി ആലോചന ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: