മുംബൈ: ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്റ്റേഷനില്‍വച്ച് ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാവിനുനേരെ വെടിയുതിര്‍ത്ത് ബിജെപി എംഎല്‍എ. കല്യാണ്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഗണപത് ഗയ്ക്വാദ് സംഭവത്തേത്തുടര്‍ന്ന് അറസ്റ്റിലായി. ശിവസേനാ നേതാവ് മഹേഷ് ഗയ്ക്വാദിനും മറ്റൊരാള്‍ക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉല്‍ഹാസ്‌നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
വെടിയേറ്റ മഹേഷ് ഗയ്ക്വാദിന്റെ ശരീരത്തില്‍നിന്ന് അഞ്ച് ബുള്ളറ്റുകള്‍ പുറത്തെടുത്തതായാണു വിവരം. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്കാണെന്നും മകനെ ആക്രമിക്കാന്‍ മഹേഷ് ശ്രമിച്ചെന്നും അറസ്റ്റിലായ ഗണപത് ഗയ്ക്വാദ് പറഞ്ഞു.
മഹേഷ് ഗയ്ക്വാദ് ഭൂമി അനധികൃതമായി പിടിച്ചെടുക്കുകയാണെന്നു കാണിച്ചാണ് ബിജെപി എംഎല്‍എ ഗണപത് ഗയ്ക്വാദ് പരാതിയുമായെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഗണപത് നിറയൊഴിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന പ്രതികരിച്ചു. ഭരണകക്ഷികളായ രണ്ടു വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നും സര്‍ക്കാരിന്റെ ‘ഇരട്ട എന്‍ജിന്‍’ തകരാറായെന്നും ഉദ്ധവ് വിഭാഗം പറഞ്ഞു. കല്യാണ്‍ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗണ്പത് ഗെയ്ക്ക്വാദ്.