ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ഹെല്‍മെറ്റുകൊണ്ട് യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ഡി.വൈ.എഫ്.ഐ. മേഖലാപ്രസിഡന്റടക്കം അഞ്ചുപ്രതികളും അറസ്റ്റില്‍. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ തോട്ടപ്പള്ളി സ്വദേശികളായ ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് ശിവകൃപയില്‍ ജഗത് സൂര്യന്‍ (22), ശാന്തിഭവനത്തില്‍ സജിന്‍ (27), സഹോദരന്‍ സജിത്ത് (21), വൈപ്പില്‍ പുതുവല്‍ വീട്ടില്‍ അര്‍ജുന്‍ (21), പുതുവല്‍ വീട്ടില്‍ ഇന്ദ്രജിത്ത് (23) എന്നിവരെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തോട്ടപ്പള്ളി ആനന്ദഭവനത്തില്‍ ശിവാനന്ദന്റെ മകന്‍ നന്ദു ശിവാനന്ദാണു(27)കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാംപ്രതി സജിനുമായി സമീപത്തെ ക്ഷേത്രത്തിലെ പകല്‍പ്പൂരത്തിനിടെ അടിപിടിയുണ്ടായി. അതിനുശേഷം രാത്രി 8.30-നു സജിത്തും നന്ദുവും മറ്റുകൂട്ടുകാരുമായി തോട്ടപ്പള്ളി മാത്തേരി ജങ്ഷനുസമീപം നില്‍ക്കുമ്പോള്‍ പ്രതികള്‍ സജിത്തിനെ തടഞ്ഞുനിര്‍ത്തി പുറകില്‍നിന്ന് ഹെല്‍മെറ്റുകൊണ്ട് അടിക്കാന്‍ ശ്രമിച്ചു. അതിനിടെ തടസ്സംപിടിക്കാന്‍ ശ്രമിച്ച നന്ദുവിന്റെ തലയ്ക്ക് ഹെല്‍മെറ്റുകൊണ്ട് പലതവണ അടിയേറ്റു. താഴെവീണ നന്ദുവിനെ പ്രതികള്‍ചേര്‍ന്ന് നിലത്തിട്ടു ചവിട്ടിയതായും പോലീസ് പറയുന്നു.
ബോധരഹിതനായ നന്ദുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. എം.ബി.എ. ബിരുദധാരിയായ നന്ദു മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയിരുന്നു.
സംഭവശേഷം ഒളിവില്‍പ്പോകാന്‍ ശ്രമിച്ച പ്രതികളെ തിങ്കളാഴ്ച പുലര്‍ച്ചെ മാവേലിക്കര, ചെട്ടികുളങ്ങര ഭാഗങ്ങളില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റുരേഖപ്പെടുത്തി. പ്രതികളെ റിമാന്‍ഡുചെയ്തു.