ഇതിനൊരു പരിഹാമെന്ന നിലയിലാണ് തുരങ്കപാത എന്ന നിർദ്ദേശം ഉയർന്നു വന്നത്. ബംഗളൂരുവിലെ നിർദിഷ്ട ടണല്‍ റോഡ് നഗരത്തിലെ അഞ്ച് പ്രധാന റോഡുകള്‍ക്കിടയിലുള്ള യാത്രാസമയം 20 മിനിറ്റായി കുറയ്ക്കുന്ന വിധത്തിലാണ് പദ്ധതി.
നിർദിഷ്ട ടണല്‍ റോഡ് നിർമ്മാണത്തിന് 50,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മൈസൂരു റോഡിനെയും ഹൊസൂർ റോഡിനെയും തുമകുരു റോഡ്, ബല്ലാരി റോഡ്, പഴയ മദ്രാസ് റോഡ് വഴി 30 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ബന്ധിപ്പിക്കാനുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) യുടെ പദ്ധതിയിയാണിത്.
നഗരത്തിലെ തിരക്കൊഴിവാക്കാനാണ് ടണല്‍ റോഡ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍, അഞ്ച് റോഡുകളും 62 കിലോമീറ്റർ ഔട്ടർ റിംഗ് റോഡിലൂടെ (ORR) ബന്ധിപ്പിച്ചിരിക്കുന്നു, ഇത് തിരക്കുള്ള സമയങ്ങളില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഫ്ളൈഓവറുകള്‍, മെട്രോ ലൈനുകള്‍, മതപരമായ സ്ഥലങ്ങള്‍ എന്നിങ്ങനെ നിരവധിതടസ്സങ്ങള് ഉള്ളതിനാല്‍ മറ്റ് ഗതാഗത പരിഹാരങ്ങള്‍ക്കായി ഒരു ടണല്‍ റോഡ് നിർമ്മിക്കുക മാത്രമാണ് ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാനുള്ള ഏക പരിഹാരമെന്ന് എൻഎച്ച്എഐയുടെ ബെംഗളൂരു റീജിയണല്‍ ഓഫീസർ വിവേക് ജയ്സ്വാള്‍ പറഞ്ഞു.
പദ്ധതിക്ക് ഏകദേശം 50,000 കോടി രൂപ ചെലവ് വരുമെന്നും സംസ്ഥാന സർക്കാർ ഇതിന് ഫണ്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ചെലവ് കാരണം ബിഒടി (ബില്‍ഡ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) മോഡല്‍ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും അത് അസാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.