ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ബജറ്റില്‍ വലിയ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. പച്ചക്കറിയുടെയും അവശ്യ സാധനങ്ങളുടെയും വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ഉയരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിലക്കയറ്റം മുഖ്യ ആയുധമാക്കാനിരിക്കുന്നതും സര്‍ക്കാരിന് സമ്മര്‍ദമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിന് അഞ്ച് ദിവസമാണ് ഇനി ശേഷിക്കുന്നത്. ബജറ്റിലെ പ്രതീക്ഷകളില്‍ ഏറ്റവും മുന്നിലുള്ളത് വിലക്കയറ്റം നേരിടാനുള്ള സര്‍ക്കാരിന്റെ ഇടപെടലാണ്. അടുത്തിടെ പുറത്ത് വന്ന ഇടക്കാല ബജറ്റ് സംബന്ധിച്ച കാന്താര്‍ സര്‍വെയില്‍ 57 ശതമാനം പേരും ആശങ്ക അറിയിച്ച വിഷയം വിലക്കയറ്റമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സര്‍വെയിലേക്കാള്‍ വിലക്കയറ്റം ചൂണ്ടിക്കാട്ടിയവരുടെ എണ്ണം ഇത്തവണ 27 ശതമാനം കൂടുതലായിരുന്നു.
ഇതോടൊപ്പം ഡിസംബറിലെ 5.69 ശതമാനമെന്ന വിലക്കയറ്റ തോത് നാല് മാസത്തെ ഉയര്‍ന്ന നിരക്കിലാണെന്ന കണക്കും സര്‍ക്കാരിന് മുന്നിലുണ്ട്. ഗ്രാമീണ മേഖലയില്‍ 5.93 ശതമാനവും നഗരമേഖലയില്‍ 5.46 ശതമാനവുമായിരുന്നു വിലക്കയറ്റം. വിലക്കയറ്റം ഉയരാന്‍ കാരണമായതോ പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കൂടിയതും. ഈ സൂചനകള്‍ എല്ലാം ഇടക്കാല ബജറ്റില്‍ വലിയ ഇടപെടല്‍ തന്നെ വേണമെന്ന് വ്യക്തമാക്കുന്നതാണ്.
ഉടന്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് വിലക്കയറ്റമായി പ്രതിപക്ഷം മാറ്റുമ്പോള്‍ വാചകങ്ങളില്‍ മാത്രം ഒതുക്കാതെ പ്രതിവിധി കാണണമെന്നും സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. വിലക്കയറ്റം ഉയരുന്നത് ഭരണപക്ഷത്തിന്റെ വനിതാ വോട്ടിലും ചോര്‍ച്ചക്ക് കാരണമാകുമെന്നതുമാണ് മുന്‍കാല ചരിത്രം. അതിനാല്‍ പച്ചക്കറി , ഗോതമ്പ്, അരി തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വില വര്‍ധനവ് തടയുകയെന്നതാകും ബജറ്റിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. നികുതി കുറക്കുന്നതിലോ ഭക്ഷ്യ സാധനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിലോ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാണ്ടേതുണ്ട്. അതേസമയം, വളത്തിന്റെ വില ഉയരുന്നത് കര്‍ഷകരുടെ രോഷത്തിനും വഴിവെക്കുന്നതിനാല്‍ അതിലും പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്.