വയോധികരും അസുഖബാധിതരുമൊക്കെയായ ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ഇത്തരം തട്ടിപ്പിന് ഇരകളാകുന്നത്.കഴിഞ്ഞ ദിവസം പത്തനംതിട്ട ഓമല്ലൂര്‍ മാത്തൂരില്‍ വെച്ച് ബൈക്കിലെത്തിയ ഒരാള്‍ ലോട്ടറി കച്ചവടക്കാരനായ വള്ളിക്കോട് സ്വദേശി കെഎന്‍ രാജനെ സമര്‍ത്ഥമായി കബളിപ്പിച്ച് പണം തട്ടി.
പക്ഷാഘാതം ബാധിച്ച് തളർന്നുപോയാളാണ് രാജൻ. വെയിലും മഴയുംകൊണ്ട് നാടുനീളെ ലോട്ടറി വിറ്റാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കെഎന്‍ രാജന്‍റെ 1400 രൂപയും കയ്യിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളും തട്ടിപ്പുകാരൻ കൊണ്ടുപോയി.
അടിച്ച ടിക്കറ്റിന് പകരമായി കയ്യിലുള്ള ലോട്ടറി ടിക്കറ്റുകളും ഉള്ള പൈസയും തന്നാല്‍ മതിയെന്ന് രാജനോട് പറയുകയായിരുന്നു. അടിച്ച ടിക്കറ്റ് ഏജന്‍സിയില്‍ കൊടുത്ത് മാറാമെന്ന് കരുതി രാജന്‍ അത് വാങ്ങിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളെല്ലാം വിറ്റതിന്‍റെ സന്തോഷത്തില്‍ ടിക്കറ്റുമായി ഏജന്‍സിയില്‍ പോയപ്പോഴാണ് തട്ടിപ്പിനിരയായതായി രാജന്‍ തിരിച്ചറിഞ്ഞത്.
ലോട്ടറി ടിക്കറ്റിലെ അവസാനത്തെനമ്ബര്‍ മറച്ചുകൊണ്ട് അടിച്ച ടിക്കറ്റിന്‍റെ അവസാന നമ്ബര്‍ സമര്‍ത്ഥമായി ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. നമ്ബർ തിരുത്തിയുള്ള ഇത്തരം തട്ടിപ്പ് വ്യാപകമാണെന്ന് ഏജൻസി നടത്തിപ്പുകാർ തന്നെ പറയുന്നു. അംഗീകൃത ഏജൻസികളില്‍ വ്യാജ ടിക്കറ്റുകളുമായെത്തിയാല്‍ പിടിവീഴുമെന്നതിനാല്‍ ചെറുകിട കച്ചവടക്കാരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. പണം നഷ്ടപ്പെട്ട രാജൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.