ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം ചോര്‍ന്നതില്‍ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്വേഷണം ആവശ്യപ്പെട്ടു. ചിത്രം ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് ആചാര്യ സത്യേന്ദ്രദാസ് പ്രതികരിച്ചു. നിലവില്‍ രാംലല്ല വിഗ്രഹത്തിന്റെ മുഖവും മാറിടവും തുണി കൊണ്ട് മറച്ച നിലയിലാണ്. ചടങ്ങുകള്‍ക്ക് ശേഷമാണ് വിഗ്രഹത്തിന്റെ കണ്ണ് തുറക്കുക. പിന്നെ എങ്ങനെ കണ്ണ് തുറന്ന നിലയിലുളള ചിത്രങ്ങള്‍ പ്രചരിച്ചെന്ന് സത്യേന്ദ്രദാസ് ചോദിക്കുന്നു. ചിത്രം പുറത്ത് വിട്ടിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റും, വിശ്വഹിന്ദു പരിഷത്തും പറയുന്നു. കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമങ്ങളിലൂടെ അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
മൈസൂരു സ്വദേശിയായ പ്രശസ്ത ശില്പി അരുണ്‍ യോഗിരാജാണ് അയോധ്യയിലെ രാം ലല്ല വിഗ്രഹം നിര്‍മ്മിച്ച ശില്‍പി. ഒരുപാട് അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഗ്രഹം തീര്‍ത്തത്. വിഗ്രഹം നിര്‍മ്മിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ അയോധ്യക്ഷേത്രട്രസ്റ്റ് അധികൃതര്‍ ഏല്‍പ്പിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ചാണ് വിഗ്രഹമുണ്ടാക്കിയത്.
അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടരുകയാണ്. അധിവാസ, കലശപൂജകള്‍ ഇന്നും നടക്കും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും.