ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.ഇക്കാരണങ്ങൾ ഒന്നുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.
രാവിലെ 8.45 നായിരുന്നു താലികെട്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന താലികെട്ട് ചടങ്ങുകള്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി സമയം മാറ്റിയിരുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് മറ്റു വിവാഹങ്ങളില്‍ പങ്കെടുക്കാനുള്ള ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഇക്കാരണത്താല്‍ വിദേശത്തുനിന്ന് വന്ന വ്യക്തിക്ക് ബന്ധുവിന്റെ താലികെട്ട് ചടങ്ങ് കാണാന്‍ സാധിച്ചില്ലെന്നാണ് ഫെയ്‌സ്ബുക്കില്‍ ആര്‍.ജെ.അനൂപ് എന്നയാള്‍ ആരോപിച്ചിരിക്കുന്നത്.
കസിന്റെ കല്യാണമാണ് ഗുരുവായൂര്‍ വെച്ച് നടന്നതെന്നും പത്ത് പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാവൂ എന്ന നിബന്ധന കാരണം തന്റെ അമ്മയ്ക്ക് താലികെട്ട് കാണാന്‍ സാധിച്ചില്ലെന്നും അനൂപ് പറഞ്ഞു. താലികെട്ട് കാണാന്‍ പാസ് ഇല്ലാത്ത കാരണത്താല്‍ വിദേശത്തു നിന്ന് വന്ന മറ്റൊരു വ്യക്തിക്കും വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിച്ചില്ലെന്നും ഇവര്‍ പിന്നീട് അമ്ബലത്തിനു പുറത്ത് നിന്ന് വീഡിയോ കോളിലാണ് ചടങ്ങുകള്‍ കണ്ടതെന്നും പോസ്റ്റില്‍ പറയുന്നു.
അതേസമയം ഇതിനു പിന്നാലെ നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിൽ പരാതിയുമായെത്തിയത്.പലർക്കും വേണ്ടപ്പെട്ടവരുടെ കല്യാണം കൂടാൻ സാധിച്ചില്ലെന്നും ക്ഷേത്രത്തിന്റെ പരിസരത്തും പോലും അടുപ്പിച്ചില്ലെന്നും പറയുന്നു.