തിരുവനന്തപുരം: കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പുതുതായി ആകർഷിച്ചുവെന്ന് എം എസ് എം ഇ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ റിപ്പോർട്ട്.
2018 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം 33815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയതായും അഞ്ച് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യമാക്കിയെന്നും കോൺഫഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്സ് ആൻ്റ് മാർക്കറ്റിങ്ങ് ഏജൻസിയുമായി ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു.
‘കേരള നിക്ഷേപം – വളർച്ച, വികസനം – 2018 മുതൽ 23 വരെ’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് കേരളം കഴിഞ്ഞ വർഷം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളർച്ചയെ പ്രശംസിക്കുന്നുണ്ട്. 18.9% വളർച്ചയോടെ ദേശീയ ശരാശരിക്കു മുകളിൽ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം 2021-22ൽ കേരളത്തിലുണ്ടായ വ്യവസായ വളർച്ച നിരക്ക് 17.3% ആണെന്നും റിപ്പോർട്ട് പറയുന്നു. ഈ വളർച്ച സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ച നിരക്ക് 12% ആക്കുന്നതിൽ മികച്ച പങ്ക് വഹിച്ചുവെന്നതും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംരംഭക വർഷം പദ്ധതിയും സ്വകാര്യമേഖലയിൽ നിക്ഷേപങ്ങളാകർഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിശ്രമങ്ങളും വരും വർഷങ്ങളിലും കേരളത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.