കൊല്ലം: ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേല്‍ മരിച്ച സംഭവത്തിലെ പ്രധാനപ്രതിയെ കാസഗോഡ് നിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വടക്കുംതല ചാമ്പക്കടവ് കിലക്കിലേത്തുവീട്ടില്‍ നൗഷാദ് അബ്ദുള്‍ റഹിം (42) ആണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം നൗഷാദ് കാസര്‍ഗോഡുള്ള സുഹൃത്തിനടുത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സുഹൃത്തിനോട് പണം വാങ്ങി ഉള്ളാളെ ആരാധനാകേന്ദ്രത്തില്‍ പോയി മടങ്ങുംവഴിയാണ് തിങ്കളാഴ്ച രാവിലെ കാസര്‍ഗോഡ് പൊലീസിന്റെ സഹായത്തോടെ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
നൗഷാദിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ കാസര്‍ഗോഡ് നേരത്തേ താമസിച്ചിരുന്നതായും അതുവഴി ഇയാള്‍ക്ക് പ്രാദേശികമായ ചില ബന്ധങ്ങളുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടിയൂര്‍ സ്വദേശിയായ യുവാവും കോയിവിള സ്വദേശിയായ യുവതിയും തമ്മിലുള്ള കുടുംബപ്രശ്നം പാലോലിക്കുളങ്ങര ജമാഅത്തില്‍വച്ച് ചര്‍ച്ചചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജമാഅത്ത് പ്രസിഡന്റുകൂടിയാണ് സലിം മണ്ണേല്‍. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റാണ് സലിം മണ്ണേല്‍ മരിച്ചത്. നൗഷാദ് കൂടി അറസ്റ്റിലായതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
തേവലക്കര പാലയ്ക്കല്‍ മുഹമ്മദ് ഷാ (27), വൈ കെ ഫാത്തിമ ഹൗസില്‍ യൂസഫ് (58) എന്നിവരെ സംഭവദിവസംതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്താംകോട്ട എത്തിരത്തില്‍ തെക്കതില്‍ ഫൈസല്‍ (35), സഹോദരന്‍ മുസ്സമ്മല്‍ (25) എന്നിവരെ പിന്നീട് പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കെതിരേയാണ് കേസ്.