Breaking NewsIndiaLead NewsNEWS

‘ഈ കേസ് 2046ൽ കോടതി കേൾക്കാം, നിങ്ങളൊരു 20 വർഷം കൂടി കാത്തിരിക്ക്’!! മാനനഷ്ടക്കേസുമായെത്തിയ 90 കാരിയെ പരിഹസിച്ച് ബോംബെ ഹൈക്കോടതി,

മുംബൈ: മാനനഷ്ടക്കേസുമായെത്തിയ 90 വയസുള്ള വൃദ്ധയോട് കേസ് കേൾക്കുന്നതിനായി 20 വർഷം കൂടി കാത്തിരിക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിൾ ബെഞ്ചിന്റെയാണ് വിധി. 90 വയസുള്ള തരിണിബെനും 57 വയസുള്ള ധ്വനി ദേശായിയും ചേർന്ന് ഫയൽ ചെയ്ത കേസാണ് ഇനി 2046-ന് ശേഷമേ ഇനി പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയത്. ഈ കേസ് നിയമപരമായ തർക്കത്തേക്കാൾ ഉപരി ഇത് ഒരു അഹന്തയുടെ പോരാട്ടമാണെന്ന് കോടതി നിരീക്ഷിച്ചു.

മാത്രമല്ല ഈ കേസ് നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് ജെയിൻ ശക്തമായ ഭാഷയിൽ വിമർശിച്ചു. കക്ഷികൾ തമ്മിലുള്ള ഈ അഹന്തയുടെ പോരാട്ടം കാരണം വ്യവസ്ഥ സ്തംഭിക്കുകയാണെന്നും തൽഫലമായി യഥാർത്ഥത്തിൽ മുൻഗണന അർഹിക്കുന്ന മറ്റ് പ്രധാനപ്പെട്ട കേസുകൾ പരിഗണിക്കാൻ കോടതിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായ ഇത്തരം വാശികൾ കോടതിയുടെ വിലപ്പെട്ട സമയം കവരുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Signature-ad

അതേസമയം 2017ലാണ് തരിണിബെനും ദേശായിയും കിൽകിൽരാജ് ഭൻസാലി ഉൾപ്പെടെയുള്ളവർക്കെതിരെ ഈ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2015-ൽ ശ്യാം കോ- ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിനിടെ നടന്ന സംഭവങ്ങളിൽ തങ്ങൾക്ക് മാനസിക വിഷമവും പീഡനവുമുണ്ടായതായി ഇവർ അവകാശപ്പെടുന്നു. ഇതിന് നഷ്ടപരിഹാരമായി 20 കോടി രൂപയാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും പരാതിക്കാരി അതിന് തയ്യാറാകാതെ കേസുമായി മുന്നോട്ട് പോകണമെന്ന പിടിവാശിയിലായിരുന്നു.

പരാതിക്കാരി ഒരു ‘സൂപ്പർ സീനിയർ സിറ്റിസൺ’ ആയതുകൊണ്ട് മാത്രം കേസിന് മുൻഗണന നൽകാനാവില്ലെന്ന് കോടതി തറപ്പിച്ചു പറഞ്ഞു. “ഈ കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല, അടുത്ത 20 വർഷത്തേക്ക് ഈ കേസ് പരിഗണിക്കുന്നതല്ല. 2046-ന് ശേഷമുള്ള ഒരു തീയതിയിലേക്ക് ഇത് പട്ടികപ്പെടുത്തുക” എന്നായിരുന്നു കോടതിയുടെ വിധി.

ഈ കേസിൽ 2019-ൽ സാക്ഷികളുടെ പട്ടികയും രേഖകളും സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരുടെ അഭിഭാഷകൻ ഹാജരായില്ലെങ്കിൽ കേസ് തള്ളുമെന്ന് കഴിഞ്ഞ വർഷം മറ്റൊരു ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. പിന്നീടും കേസുമായി പരാതിക്കാരി മുന്നോട്ടുപോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: