അസഹനീയ ചൂട്; അതിനിടെ കറണ്ടും പോയി; കെഎസ്ഇബി ഓഫിസുകളിലേയ്ക്ക് ഇരച്ചെത്തി നാട്ടുകാർ; പോലീസിൽ പരാതി നൽകി ജീവനക്കാർ

തൃശൂർ: അസഹനീയ ചൂടിനാൽ പൊറുതിമുട്ടിയിരിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയത് സംസ്ഥാനത്ത് പലയിടത്തും വൻ പ്രതിഷേധത്തിനിടയാക്കി. പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേയ്ക്ക് പ്രദേശവാസികൾ ഇരച്ചെത്തി. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായി. രാത്രി 11 മണിയോടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു. പ്രതിഷേധത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തു. എരുമപ്പെട്ടി, കടങ്ങോട്, വരവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് രാത്രി പലതവണ വൈദ്യുതി വിതരണം മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫിസിലെത്തി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചത്.
അതിശക്തമായ ചൂട് നിലനിൽക്കെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ആളുകൾക്ക് വീടുകൾക്കുള്ളിൽ കഴിഞ്ഞുകൂടാൻ പറ്റാത്ത സ്ഥിതിയായി. ഫാനുകളും എയർ കണ്ടീഷണറുകളും പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ കുട്ടികളും രോഗികളുമുൾപ്പടെയുള്ളവർ വലഞ്ഞു. ഓഫിസിലേക്ക് തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നാണ് പല പ്രദേശങ്ങളിലുമുള്ളവർ സംഘടിച്ച് പ്രതിഷേധവുമായി നേരിട്ട് ഓഫിസിലെത്തിയത്. ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി വാഗ്വാദത്തിലേർപ്പെട്ടത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ,എരുമപ്പെട്ടിയിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നും പൊലീസും സ്ഥലത്തെത്തി. പലരും പ്രതിഷേധസൂചകമായി വൈദ്യുതി ഓഫിസിനുള്ളിൽ പായ വിരിച്ച് കിടപ്പും ആരംഭിച്ചു. വൈദ്യുതി ഉപഭോഗം അമിതമായി കൂടുന്നതിനാൽ ഫീഡറുകളിൽ ലോഡ് വർധിക്കുകയും തുടർന്ന് ലൈനുകൾ ഓട്ടോമാറ്റിക്കായി ഡ്രിപ്പ് ആകുന്നതും സബ് സ്റ്റേഷനിലേക്കുള്ള 33 കെ.വി ലൈനിൽ വരുന്ന തകരാറുകളുമാണ് അടിക്കടിയുള്ള വൈദ്യുതി തടസ്സത്തിന് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പൊലീസ് പ്രതിഷേധക്കാരെ ഓഫിസിനുള്ളിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ട ഉദ്യാേഗസ്ഥർ സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറുമടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും പ്രശ്നപരിഹാരം ഉറപ്പുനൽകുകയും ചെയ്തതോടെയാണ് പുലർച്ചെ രണ്ടരയോടെ നാട്ടുകാർ പിരിഞ്ഞുപോയത്.
കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫിസിലും പ്രതിഷേധമുണ്ടായി. പുലര്‍ച്ചെ രണ്ടുമണിക്ക് പ്രതിഷേധവുമായി യൂത്ത് ലീഗ് എത്തുകയായിരുന്നു. നാദാപുരം സബ്സ്റ്റേഷനിലും പ്രതിഷേധമുണ്ടായി. മെഴുകുതിരി കത്തിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ജനങ്ങൾ കയ്യേറ്റം ചെയ്യുന്നുവെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ആലുവ കെഎസ്ഇബി ജീവനക്കാര്‍ പൊലീസിനെ സമീപിച്ചു. സാങ്കേതിക പ്രശ്നങ്ങളാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ ഓഫിസിലെത്തി കയ്യേറ്റം ചെയ്യുന്നു; അസഭ്യം പറയുന്നു. രാത്രി പൊലീസ് സുരക്ഷ നല്‍കണമെന്നും ജീവനക്കാര്‍. ആലുവ വെസ്റ്റ് സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ് പൊലീസിൽ അപേക്ഷ നൽകിയത്.






