KeralaNEWS

കെ.എസ്.ആര്‍.ടി.സി കരകയറുമോ …? ബജറ്റ് ടൂറിസത്തില്‍ ഒന്നാമതായി കണ്ണൂര്‍  ഡിപ്പോ

    കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതിയില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ. പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്. എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കണ്ണൂര്‍ ഡിപ്പോയുടെ വരുമാനം. കഴിഞ്ഞ ഡിസംബറില്‍ മാത്രം 18.5 ലക്ഷം രൂപയായിരുന്നു വരുമാനം.

പദ്ധതിയുടെ ഭാഗമായി ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയും വയനാട്, റാണിപുരം, പൈതല്‍മല എന്നിവിടങ്ങളിലേക്കുള്ള ഏകദിന യാത്രയുമാണ് പ്രധാനമായും ചെയ്തുവരുന്നത്. ജനുവരി മാസത്തില്‍ ഇതിനോടകം 75 ശതമാനത്തോളം ബുക്കിങ്ങുകളും പൂര്‍ത്തിയായി.

Signature-ad

വാഗമണ്‍- മൂന്നാറിലേക്കുള്ള വിനോദയാത്ര ജനുവരി 19ന് രാത്രി ഏഴിന് പുറപ്പെട്ട് 22ന് രാവിലെ ആറിന് തരിച്ചെത്തും. ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടുന്ന അഡ്വഞ്ചർ പാർക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ച് ക്യാമ്പ് ഫയറോടെയുള്ള സ്റ്റേ. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം, സിഗ്‌നൽ പോയിന്റ്, ഷൂട്ടിങ് പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മൂന്നാം ദിവസം രാവിലെ 6 ന് കണ്ണൂരിൽ തിരിച്ചെത്തും.

26ന് നടത്തുന്ന യാത്രയില്‍ മൂന്നാര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി 29ന് തിരിച്ചെത്തും.

കണ്ണൂരിൽ നിന്നുള്ള മറ്റ് വിനോദ യാത്രകൾ

പൈതൽമല: രാവിലെ 6.30ന് പുറപ്പെടുന്ന ട്രിപ്പ് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി ഒമ്പത് മണിയോടുകൂടി കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രിഫീയും ഉൾപ്പെടെയാണ് പാക്കേജ്.

റാണിപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷനിലേക്കുള്ള ടൂർ പാക്കേജ് സാധാരണക്കാർക്ക് വലിയൊരു അനുഗ്രഹമാണ്. ചുരുങ്ങിയ ചെലവിൽ റാണിപുരം, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കാണാം എന്നുള്ളതാണ് ബജറ്റ് ടൂർ ഇത്രയും ജനകീയമാക്കിയത്.

ജംഗിൾ സഫാരി: കെ.എസ്.ആർ.ടി.സിയുടെ എക്സ്‌ക്ലുസീവ് ടൂർ പ്രോഗ്രാമുകളിൽ ഒന്നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിൾ സവാരി. സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എക്കോപാർക്ക് (ഗ്ലാസ് ബ്രിഡ്ജ്) എന്നിവ സന്ദർശിച്ച് രാത്രി ജംഗിൾ സഫാരി കഴിഞ്ഞ് പുലർച്ചെ 2.30ന് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെയാണ് പാക്കേജ്.

ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 9496131288, 8089463675.

Back to top button
error: