ബത്തേരി: വയനാട് അതിർത്തിയായ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ ബസ് ഇലക്ടിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് ഷോക്കേറ്റ ബസ് ഡ്രൈവറും യാത്രക്കാരനും മരിച്ചു. ബസ് ഡ്രൈവർ നാഗരാജ് (49), യാത്രക്കാരനായ ബാലാജി (51) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടുയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗൂഡല്ലൂരിൽ നിന്ന് വയനാടിനോട് ചേർന്ന് കിടക്കുന്ന അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന മറ്റൊരു ബസ്സിന് അയ്യൻകൊല്ലിക്കു സമീപം മളവൻചേരംപാടിയിൽ സൈഡ് കൊടുക്കുന്നതിനിടെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ ഡ്രൈവർ നാഗരാജിനാണ് ആദ്യം ഷോക്കേറ്റത്. ഇദ്ദേഹം താഴെ വീഴുന്നത് കണ്ട ബാലാജി ഇറങ്ങി വന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിനും ഷോക്കേറ്റു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണു.
സംഭവസമയത്ത് ഇരുപത് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അതേസമയം, യാത്രക്കാരിൽ ചിലരുടെ ജാഗ്രത കാരണമാണ് മറ്റു യാത്രക്കാർക്ക് ഷോക്കേൽക്കാതെ രക്ഷപെട്ടത്.
നാഗരാജിന്റെയും ബാലാജിയുടെയും മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം നടപടികൾക്കായി പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊങ്കൽ ആഘോഷങ്ങൾക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണ് പന്തല്ലൂർ, ഗൂഡല്ലൂർ, അയ്യൻക്കൊല്ലി പ്രദേശവാസികൾ.
ഇന്ന് (ചൊവ്വ) പോസ്റ്റുമാർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേ സമയം ബസ് അയ്യൻകൊല്ലിയിലേക്ക് എത്താൻ ഏതാനും സ്റ്റോപ്പുകൾ മാത്രം ബാക്കിയുണ്ടായിരുന്നത് കൊണ്ടും പൊങ്കൽ അവധിയായിരുന്നതിനാലും യാത്രക്കാർ കുറവായത് വൻദുരന്തമാണ് ഒഴിവാക്കിയത്.