കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസിന്റെ കലക്ട്രേറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് മര്‍ദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയില്‍ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്‍ സംസ്ഥാന – ദേശീയ വനിതാ കമ്മീഷനുകളില്‍ പരാതി നല്‍കും. പൊലീസ് സ്വമേധയാ കേസ് എടുക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിയ നാരായണന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് വനിതാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. സംഘര്‍ഷത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്റെ മുടിയില്‍ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതും വസ്ത്രം വലിച്ചുകീറിയതും വിവാദമായിരുന്നു.
ജില്ല സെക്രട്ടറി എ. ജീന അടക്കമുളളവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പൊലീസ് വനിതാ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വനിതകളടക്കം നാലുപേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.