കട്ടപ്പന: ഇടുക്കി കമ്പംമെട്ടിനു സമീപം മന്തിപ്പാറയിലെ തമിഴ്നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മന്തിപ്പാറ ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായ പി വി എബ്രഹാമാണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ സ്വദേശിയാണ് ഇദ്ദേഹം. എബ്രഹാമിന്റെ മകൻ മൃതദേഹം തിരിച്ചറിഞ്ഞു.
തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട് അതിർത്തിയിലുള്ള കമ്പം പടിഞ്ഞാറൻ വനമേഖലയിലെ വനമേഖലയായ മന്തിപ്പാറയിലാണ് പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്ത് എത്തി.
സംഭവം നടന്നത് തേനി ജില്ലയിലെ കമ്പം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവരെ വിവരം അറിയിച്ചു. തുടർന്ന് കമ്പം സൗത്ത് പൊലീസ് വനമേഖലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.