Fiction

വിത അറിയാത്തവന് വിത്ത് നൽകരുത്, ഓരോ ധാന്യമണിയും ക്രിയാത്മകമായി ഉപയോഗിക്കു; ജീവിതം അർത്ഥപൂർണമാകും

വെളിച്ചം

     ആ പിതാവ് തന്റെ നാലുമക്കളില്‍ നിന്ന് അനന്തരാവകാശിയെ കണ്ടെത്താന്‍ തീരുമാനിച്ചു. അതിനായി ഒരു പരീക്ഷണം നടത്തി. നാലുമക്കള്‍ക്കും ഒരോ കുട്ട ഗോതമ്പ് അയാള്‍ നല്‍കി:

Signature-ad

“നാലുവര്‍ഷം കഴിഞ്ഞ് ഞാന്‍ തിരിച്ചുവരുമ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കണം …”
അദ്ദേഹം പറഞ്ഞു.

അച്ഛനു ബുദ്ധിഭ്രമം സംഭവിച്ചതാണെന്ന് കരുതി ഒന്നാമന്‍ അവ എറിഞ്ഞുകളഞ്ഞു. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ടാമന്‍ അത് പാകം ചെയ്തു. മൂന്നാമന്‍ അതൊരു മുറിയില്‍ സൂക്ഷിച്ചു. നാലാമന്‍ അതെടുത്ത് പാടത്ത് വിതച്ചു. പലതവണ കൃഷിചെയ്തു വിളവെടുത്തു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നുപേര്‍ക്ക് നല്‍കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷേ, നാലാമന്‍ നൂറ് ചാക്ക് ഗോതമ്പ് അച്ഛന് തിരിച്ചു നല്‍കി.
അവനെ അയാള്‍ തന്റെ അനന്തരാവകാശിയാക്കി.

വിത അറിയാത്തവന് വിത്ത് ഒരു ബാധ്യതയാണ്. അവരില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം ഒരു ധാന്യമണിക്കും കിട്ടില്ല. വളരാനും വിളവാകാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും ഉപയോഗിക്കുന്ന വസ്തുക്കളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യാനറിയാത്തവന്‍ സ്വന്തം ജീവിതവും അന്യന്റെ ജീവിതവും പ്രയോജനരഹിതമാക്കും.

ഒരാള്‍ എന്തൊക്കെ തള്ളിക്കളയുന്നു എന്നുപരിശോധിച്ചാല്‍ അയാളുടെ മനോഭാവവും അധ്വാനശീലവും പിടികിട്ടും. കറപറ്റാതെയും ചെളിപുരളാതെയും ജീവിച്ചതുകൊണ്ട് മാത്രം ജീവിതം ശ്രേഷ്ഠമാകില്ല. എന്ത് ഉത്പാദിപ്പിച്ചു, അത് എത്ര പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നതെല്ലാം അളവുകോലിന്റെ മാനദണ്ഡങ്ങളാണ്. നമ്മുടെ ജീവിതം അളക്കുമ്പോള്‍ ഈ മാനദ്ണ്ഢങ്ങള്‍ പാലിക്കപ്പെട്ടിരുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്കാകട്ടെ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: