തട്ടിപ്പിന് ഇരയായ കോഴഞ്ചേരി സ്വദേശി നല്കിയ പരാതിയിലാണ് നടപടി. ‘വന്ദന കൃഷ്ണ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ യുവാവ് 2019-ല്‍ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചു.പിന്നാലെ വന്ദനയുടെ അച്ഛനായ വാസുദേവൻ നായര്‍ എന്ന പേരില്‍ പരാതിക്കാരനുമായി വാട്സാപ്പിലൂടെയും ബന്ധം സ്ഥാപിച്ചു. പരാതിക്കാരന്റെ വിവിധ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് 2023 വരെ പലതവണയായി 23 ലക്ഷത്തോളം രൂപ യുവാവ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തു.
പത്തനംതിട്ടയിലുള്ള പരാതിക്കാരന്റെ സ്വകാര്യ കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡിസെൻറര്‍ ആയി ഉയര്‍ത്താമെന്ന് വാഗ്ദാനം ചെയ്തും പ്രതി പണം വാങ്ങിയിരുന്നു. ഒടുവിൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ കോളജ് ഉടമ പോലീസിനെ സമീപിക്കുകയായിരുന്നു.
എറണാകുളം തൈക്കുടത്തുള്ള ഒരു വീട്ടില്‍, ചാര്‍ട്ടേഡ് അക്കൗണ്ടൻറ് എന്ന വ്യാജേന താമസിക്കവേയാണ് പ്രതിയെ പോലീസ് പിടികൂടിയത്.പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി.