തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സംഘര്‍ഷത്തില്‍ കേസെടുത്ത് റിമാന്റില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാന്,എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണ് ഉള്ളതെന്നും താനടക്കമുള്ള ആളുകള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും സജി ചെറിയാന് പറഞ്ഞു.
മാധ്യമങ്ങള്‍ പുതിയ നേതാക്കന്മാരെ സൃഷ്ടിക്കുകയാണെന്നും വിളയാതെ പഴുത്താല്‍ അധികകാലം നിലനില്‍ക്കില്ലെന്നും സജി ചെറിയാന് പരിഹസിച്ചു. ”ആദ്യമായിട്ടാണോ ഒരു വിദ്യാര്‍ഥി യുവജനനേതാവ് ജയിലില്‍ പോവുന്നത്? എല്‍ഡിഎഫ് മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണുള്ളത്? ആരുടെയെങ്കിലും ഫോട്ടോ ഇതുപോലെ മാധ്യമങ്ങളില്‍ കാണിച്ചിട്ടുണ്ടോ? കേരളത്തിലെ മാധ്യമങ്ങള്‍ പുതിയ കുറെ നേതാക്കന്മാരെ സൃഷ്ടിക്കുകയാണ്” സജി ചെറിയാന് പറഞ്ഞു.
കേസില്‍ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. എസ്എഫ്ഐയുടെയും, ഡിവൈഎഫ്ഐയുടെയും നേതാക്കളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തെ ഹീറോ ആക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സമരവും പ്രക്ഷോഭവും നടത്തുമ്പോള്‍ ആര്‍ജ്ജവം വേണമെന്നും ജാമ്യം കിട്ടാന്‍ രാഹുല്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എം.വി ഗോവിന്ദന് ആരോപിച്ചു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് അപ്പീല്‍ നല്‍കുക.