NEWSPravasi

തണുപ്പില്‍നിന്ന് രക്ഷതേടി താമസസ്ഥലത്ത് തീ കൂട്ടി; ദമ്മാമില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

റിയാദ്: സൗദിയിലെ ദമ്മാമില്‍ തണുപ്പില്‍നിന്ന് രക്ഷതേടി താമസ സ്ഥലത്ത് തീ കൂട്ടിയ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ പുക ശ്വസിച്ച് മരിച്ചു. ഹൗസ് ഡ്രൈവര്‍മാരായ തമിഴ്നാട് വളമംഗലം സ്വദേശി താജ് മുഹമ്മദ് മീരാ മൊയ്ദീന്‍, കള്ളകുറിച്ചി സ്വദേശി മുസ്തഫ മുഹമ്മദലി എന്നിവരാണ് മരിച്ചത്.

രാജ്യത്ത് ശൈത്യം കടുത്തതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടിയവരാണ് അപകടത്തില്‍പെട്ടത്. ചാര്‍ക്കോള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത ശേഷം ബാക്കി വന്ന കനലുകള്‍ തണുപ്പില്‍ നിന്നും രക്ഷതേടി റൂമില്‍ ഒരുക്കി ഉറങ്ങുകയായിരുന്നു.

Signature-ad

ഉറക്കത്തില്‍ റൂമില്‍ നിറഞ്ഞ പുക ശ്വസിച്ച ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പുകശ്വസിച്ചാണ് മരണകാരണമെന്ന് വ്യക്തമായി. രാവിലെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുവരും ഒരേ സ്പോണ്‍സര്‍ക്ക് കീഴിലാണ് ജോലി ചെയ്തിരുന്നത്. മുസ്തഫ 38 വര്‍ഷമായി ഈ സ്പോണ്‍സര്‍ക്ക് കീഴില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരികയാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ സംസ്‌കരിക്കും.

തണുപ്പ് കാലത്ത് തീകായുമ്പോഴും ഇലക്ട്രിക് ഹീറ്ററുകള്‍ ഉപയോഗിക്കമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ചു നല്‍കുന്നതിനിടെയാണ് അപകടം. സമാനമായ അപകടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് മലയാളികള്‍ ദമ്മാമിലെ ഖത്തീഫില്‍ മരിച്ചിരുന്നു.

 

Back to top button
error: