ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് 84 വയസ്.1940 ജനുവരി 10 നായിരുന്നു യേശുദാസിന്റെ ജനനം.ഇക്കാലയളവിനുള്ളിൽ
ഇത്രയധികം പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ മറ്റൊരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയില്‍ വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്.
ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് എട്ട് തവണയാണ് കെ ജെ യേശുദാസ് ദേശീയ പുരസ്കാരത്തിന് അര്‍ഹനായത്. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 25 തവണ യേശുദാസിനെ തേടിയെത്തി.
1961ല്‍ തുടങ്ങിയ കരിയറില്‍ ആദ്യ പുരസ്കാര നേട്ടം ഉണ്ടാകുന്നത് 1969ല്‍ ആണ്. കുമാര സംഭവത്തിലെ ‘പൊല്‍തിങ്കള്‍കല’ എന്ന ഗാനത്തിന്. അടുത്ത രണ്ടു വര്‍ഷവും അതേ പുരസ്കാരം ദാസേട്ടന്റെ മടിയില്‍ തന്നെ വിശ്രമിച്ചു. 72ല്‍ എം ജയചന്ദ്രന് കൈമാറിയെങ്കിലും 73 മുതല്‍ 77 വരെ തുടര്‍ച്ചയായ അഞ്ച് വര്‍ഷം സംസ്ഥാന പുരസ്കാരം ദാസേട്ടന്റെ പാട്ടില്‍ മയങ്ങി നിന്നു. 1979, 1980, 1981, 1982, 1983, 1984, 1985, 1986 വര്‍ഷങ്ങളില്‍ വിണ്ടും തുടര്‍ച്ചയായ നേട്ടങ്ങള്‍. ഒരു ഘട്ടത്തില്‍ തനിക്ക് ഇനി പുരസ്കാരങ്ങള്‍ നല്‍കരുതെന്നും പുതിയ പാട്ടുകാര്‍ക്ക് അവസരം നല്‍കണമെന്നും യേശുദാസ് അഭ്യര്‍ത്ഥിക്കുക പോലുമുണ്ടായി.
ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും പാടിയ അദ്ദേഹത്തെ തേടി 8 തവണ തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡും 6 തവണ ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡും 5 തവണ കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡും ഒരു തവണ പശ്ചിമബംഗാള്‍ സംസ്ഥാന അവാര്‍ഡും എത്തി.
അമ്ബതിനായിരത്തിലധികം പാട്ടുകള്‍ യേശുദാസ് പാടിയിട്ടുണ്ടെന്നാണ് കണക്ക്. പത്മവിഭൂഷണും പത്മഭൂഷണും പത്മശ്രീയും നല്കി രാജ്യം ആദരിച്ച ശബ്ദവിസ്മയം. ലഭിച്ച പുരസ്കാരങ്ങളിലും പാടിയ പാട്ടുകളുടെ എണ്ണത്തിലും 60 പിന്നിട്ടു നീങ്ങുന്ന പാട്ടുകാലത്തിലും യേശുദാസ് അങ്ങനെ പകരക്കാരനില്ലാതെ തുടരുകയാണ്. ചിട്ടയായ ജീവിതവും സ്ഥിരോത്സാഹവും കൊണ്ട് നേടിയ നേട്ടങ്ങള്‍ തുടരാൻ ഇനിയും പ്രിയഗായകന് സാധിക്കട്ടെ …